വയനാടിന്റെ കണ്ണീരൊപ്പാന്‍ ചിത്രവില്‍പനയുമായി പാരീസ് മോഹന്‍ കുമാര്‍


AUGUST 23, 2019, 12:56 PM IST

കല്‍പ്പറ്റ :  പ്രളയം പെയ്തിറങ്ങി ഉടുതുണിക്ക് മറുതുണിയില്ലാതെ സര്‍വ്വതും നഷ്ടപ്പെട്ട വയനാട്ടിലെ നിര്‍ദ്ധന നകുടുംബങ്ങളായ കാട്ടുമക്കള്‍ക്ക് താങ്ങും തളലുമായി പ്രശസ്ത ചിത്രകാരന്‍ പാരീസ് മോഹന്‍ കുമാര്‍ രംഗത്ത്.
വരുന്ന ഏതാനും ദിവസങ്ങള്‍ക്കകം ഇന്ത്യയിലെ പ്രമുഖ ആര്‍ട് ഗ്യാലറികളില്‍ പ്രദര്‍ശനത്തിനായി ഒരുക്കിവെച്ച തന്റെ  ചിത്രങ്ങളില്‍ അറുപതെണ്ണം വയനാട്ടിലെ ഇടിയം  വയലിലെ പ്രളയം നക്കിയെടുത്ത് ബാക്കിവെച്ച അറുപതോളം നിര്‍ദ്ധന കുടുംബങ്ങളുടെ  ജീവിത പുനരുദ്ധാരണത്തിനായിജീവകാരുണ്യപ്രവര്‍ത്തനമെന്നനിലയില്‍ ഫണ്ട് സ്വരൂപിക്കുന്നതിനായാണ് ചിത്രകലാസ്വാദകര്‍ക്കുമുമ്പില്‍  പാരീസ് മോഹന്‍കുമാര്‍ ചിത്രസമര്‍പ്പണം നടത്തുന്നത്.

ഡിസാസ്റ്റര്‍ ഡി ഡെലൂഗ് ,ഡിസാസ്റ്റര്‍ നൈറ്റ്  എന്നിങ്ങനെ പ്രളയത്തിന്റെ ഭീകര പശ്ചാത്തലത്തില്‍ നിറക്കൂട്ടൊരുക്കി  രചിച്ച   രണ്ടു പ്രമുഖ ചിത്രങ്ങളും വില്‍പ്പനക്ക് വെച്ചവയില്‍ എറെ ശ്രദ്ധേയം.

യൂറോപ്പിലെ പ്രശസ്തമായ ആര്‍ട് ഗ്യാലറികളിലും കലാസദസ്സുകളിലും നിറസാന്നിധ്യമായിരുന്ന മോഹന്‍കുമാര്‍  ഫ്രഞ്ച് ആര്‍ട് ഗ്യാലറികള്‍ മുതല്‍ രാജ്യത്തെ പ്രമുഖ ആര്‍ട് ഗ്യാലറികളിലെല്ലാം നിരവധിതവണ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.

ആഗോളതലത്തില്‍ മികച്ച സമകാലിക ചിത്രകാരന്മാരുടെ പട്ടിക തയ്യാറാക്കി യുനസ്‌കോ ദേശീയ അവാര്‍ഡ് നല്‍കി ആദരിച്ച വിശ്വപ്രസിദ്ധരായ 40 ചിത്രകാരന്മാരില്‍ ഏറെ പ്രമുഖനായിരുന്നു 'പാരീസിലെ മയ്യഴിക്കാരനായിരുന്ന'  മോഹന്‍കുമാര്‍ എന്ന ചിത്രമെഴുത്തുകാരന്‍.
പ്രകൃതിയും സ്ത്രീയും എന്ന ശീര്‍ഷകത്തില്‍ മുന്നൂറിലധികം ക്യാന്‍വാസുകളില്‍ നിറംചാലിച്ച ലോകമറിയുന്ന നിറമെഴുത്തുകാരന്‍  ചിത്രകലയുടെ സ്വന്തം നാടായ ഫ്രാന്‍സിലായിരുന്നു ഏറെക്കാലം.

ജനനം 1947 ല്‍  ഫ്രഞ്ച് കോളനിയായ മാഹിയില്‍. ചിത്രകലയുടെ ഹരിശ്രീകുറിച്ചത് തെയ്യം കലാകാരനായ കുഞ്ഞിരാമനില്‍ നിന്ന്.
സ്വന്തം കയ്യൊപ്പുള്ള ചിത്രത്തിന് ആവശ്യപ്പെടുന്ന വിലനല്‍കാന്‍ കലയുടെ സാമ്രാജ്യമായ പാരീസില്‍ ആരാധകര്‍ ഇപ്പോഴും മോഹന്‍കുമാറിനെ കാത്തിരിക്കുന്നുവെന്നത് മറ്റൊരു സത്യം.

ഈ നിലയിലും  തന്റെ ചിത്രപ്രദര്‍ശനങ്ങളില്‍ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ വലിയൊരു വിഹിതം മാറ്റിവെയ്ക്കുന്നത് സമൂഹത്തിലെ അധഃകൃത വിഭാഗത്തിന്റെ നന്മക്കും നിലനില്‍പ്പിനുമായി.

ചിത്രകാരന്‍ എന്ന നിലയിലുള്ള സൗഹൃദങ്ങളും ബന്ധങ്ങളും പരിചയങ്ങളും എല്ലാം ഇത്തരം സേവാപ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ച ചിത്രകാരന്‍ വയനാട്ടിലെ സാധാരണ കര്‍ഷകര്‍ക്കിടയില്‍  കീടനാശിനിപ്രയോഗങ്ങളോ രാസവളപ്രയോഗങ്ങളോ ഇല്ലാതെ  ജൈവകൃഷി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി ഏതാനും വര്‍ഷങ്ങളായി വയനാട്ടില്‍ അവശവിഭാഗത്തിന്റെ കാവലാള്‍ എന്നനിലയില്‍ അവരിലൊരാളായി കഴിഞ്ഞുകൂടുന്നു. തനി ഗ്രാമീണനായ നാട്ടുമ്പുറത്തുകാരന്‍, ഖാദിയുടെ വെള്ള മുണ്ടും ഷര്‍ട്ടും, നരവീണ്  വെളുത്ത താടി, സന്യാസിയുടെ കെട്ടും മട്ടും ,  പ്രകൃതിയുടെ സമസ്ഥ ഭാവങ്ങളും അദ്ദേഹത്തിന്റെ ക്യാന്‍വാസുകളിലെ രചനാവിശേഷങ്ങള്‍ .ചിത്രകലയോളംതന്നെ പ്രകൃതിയെ പ്രണയിക്കുന്ന പരിസ്ഥിതിസ്നേഹികൂടിയായ ഇദ്ദേഹം പ്രകൃതിയെ പരിക്കേല്‍പ്പിക്കുന്നവരോടും മരങ്ങള്‍ മുറിച്ചുതള്ളുന്നവരോടും ഭക്ഷണവസ്തുക്കളില്‍ മായം ചേര്‍ക്കുന്നവരോടും സ്വീകരിക്കുന്ന വിമര്‍ശനാത്മകസമീപനങ്ങള്‍ ഒരു വിഭാഗം ആളുകളില്‍ശത്രുതാമനോഭാവം  വളര്‍ത്താതെയുമല്ല.ഗ്രാമങ്ങളിലെ യുവതീയുവാക്കളുടെ നേതൃത്വ പാഠവശേഷി വികസനത്തിനൊപ്പം അവരെ മികച്ച വ്യക്തിത്വങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യവുമായി നടപ്പിലാക്കുന്ന ലീഡര്‍ഷിപ്പ് വില്ലേജ് പദ്ധതിയുടെ ഭാഗമായി ലോകോത്തര പുസ്തകങ്ങളടക്കമുള്ള ലൈബ്രറികളൂം സ്ഥാപിക്കുന്നതിലും  ഇദ്ദേഹം മുന്‍കൈ എടുത്തുവരുന്നു.

വയനാട്ടിലെ സാധാരണക്കാരായ കര്‍ഷകര്‍ക്കിടയില്‍ ജൈവ കൃഷി പ്രോത്സാഹിപ്പിക്കാനുള്ള പദ്ധതിയുമായാണ് മോഹന്‍കുമാര്‍ വയനാട്ടില്‍ താമസം തുടങ്ങിയത്. കൃഷിയിലൂടെ ലഭിക്കുന്ന ഉത്പ്പന്നങ്ങള്‍ക്കൊപ്പം അവര്‍ ഉണ്ടാക്കുന്ന മറ്റു ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കുകയും പകരം ചോമ്പാല്‍ ഹാര്‍ബറില്‍ വണ്ടിയുമായിവന്ന് പുതിയ മത്സ്യങ്ങളും വടകര മാര്‍ക്കെറ്റില്‍നിന്നു മറ്റുസാധനങ്ങളും വാങ്ങി വയനാട്ടിലെ അവശകുടുംബങ്ങള്‍ക്ക് മുടങ്ങാതെ എത്തിക്കുന്നതും മോഹന്‍കുമാറിന്റെ  ദിനചര്യയുടെ ഭാഗം എന്നുവേണം കരുതാന്‍. ദുരിത മേഖലയില്‍ കഷ്ടപ്പെടുന്നവരെ സഹായിക്കാന്‍ ചിത്രസമര്‍പ്പണം നടത്തുന്ന ഈ ചിത്രകാരനൊപ്പം കൈകോര്‍ക്കാന്‍ എല്ലാ സുമനസ്സുകളെയും അദ്ദേഹം സ്വാഗതം ചെയ്യുന്നു.

  ചിത്രങ്ങള്‍ ആവശ്യമുള്ളവര്‍ ബന്ധപ്പെടുക 9845661641


Other News