MARCH 5, 2021, 10:23 AM IST
കരിപ്പൂര്‍: വിമാന യാത്രക്കാരന്റെ വാച്ച് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ അടിച്ചു തകര്‍ത്തതായി പരാതി. സ്വര്‍ണക്കടത്തെന്ന് സംശയിച്ചാണ് വാച്ച് തകര്‍ത്തതെന്ന് പരാതിക്കാരനായ മംഗലാപുരം ബട്കല്‍ സ്വദേശി മുഹമ്മദ് ഇസ്മയില്‍ പറഞ്ഞു.മലബാര്‍ ഡവലപ്മെന്റ് ഫോറം പ്രസിഡന്റ് കെ എം ബഷീര്‍ ഫേസ്ബുക്ക് ലൈവിലൂടെ വിവരം പുറത്തുവിടുകയായിരുന്നു. 'AUDEMARS PIGUET' എന്ന കമ്പനിയുടെ 48 ലക്ഷം രൂപ വിലയുള്ള ആഢംബര വാച്ചാണ് അടിച്ചു തകര്‍ത്തത്.എട്ടുവര്‍ഷത്തോളം പഴക്കമുള്ള വാച്ച് ഇസ്മായിലിന് സഹോദരന് നല്കിയ വാച്ചാണെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നും കെ എം ബഷീര്‍ ആവശ്യപ്പെട്ടു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.കരിപ്പൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയതായും എയര്‍പോര്‍ട്ട് കമ്മിറ്റി അതോരിറ്റി കസ്റ്റംസ് സൂപ്രണ്ടിനും പരാതി നല്‍കിയതായും ഒപ്പമുണ്ടായിരുന്ന അഭിഭാഷകന് കെ കെ മുഹമ്മദ് പറഞ്ഞു.