പത്തനംതിട്ടയിലെ സ്ഥിതി നിയന്ത്രണ വിധേയം;അപകടസാധ്യതനിലവിലില്ല: ജില്ലാകളക്ടർ


AUGUST 11, 2019, 12:45 AM IST

പത്തനംതിട്ട:ജില്ലയിലെ ഡാമുകളുടെ സ്ഥിതി സുരക്ഷിതമാണെന്ന് പത്തനംതിട്ട കളക്ടർ പി ബി നൂഹ്. കക്കി ഡാമില്‍ 35 ശതമാനവും പമ്പ ഡാമില്‍ 61 ശതമാനവും മാത്രമാണ് ഇപ്പോൾ സ്റ്റോറേജ്. മൂഴിയാര്‍ ഡാമും തുറന്നു വിടേണ്ട സ്ഥിതിയില്ല. മഴ തുടര്‍ന്നു പെയ്യുകയാണെങ്കില്‍ മാത്രമേ മൂഴിയാര്‍ ഡാം തുറക്കേണ്ട സാഹചര്യമുണ്ടാകുകയുള്ളു. 

മണിയാര്‍ ബാരേജിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. എങ്കിലും ഇതുമൂലം പമ്പാ നദിയില്‍ വലിയതോതില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയില്ല.മുന്‍കരുതല്‍ എന്ന നിലയില്‍ ജില്ലയിലേക്ക് പത്ത് ബോട്ടുകള്‍ കൊല്ലം ജില്ലയില്‍ നിന്നു കൊണ്ടുവരുന്നുണ്ട് . അതിൽ നാലെണ്ണം അടൂരിൽ ഇപ്പോൾ എത്തിയിട്ടുണ്ട്. മൂന്നു ബോട്ടുകള്‍ അടൂര്‍, പന്തളം മേഖലയിലും മൂന്നു ബോട്ടുകള്‍ കോഴഞ്ചേരിയിലും നാലു ബോട്ടുകള്‍ തിരുവല്ലയിലും മുന്‍കരുതല്‍ എന്ന നിലയില്‍ സൂക്ഷിക്കും.

മഴയെ തുടര്‍ന്ന് പമ്പാ നദിയിലും അച്ചന്‍കോവിലാറിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. എങ്കിലും ഇപ്പോൾ മഴയുടെ തീവ്രത കുറഞ്ഞിട്ടുണ്ട്. കാലവസ്ഥാ പ്രവചന പ്രകാരം ഇനിയങ്ങോട്ട് മഴ കുറയുവാനാണ് സാധ്യത. അച്ചന്‍കോവിലാറിന്റെ തീരത്തുള്ള ജനവാസമേഖലയില്‍ ഇനിയും വെള്ളം കയറുകയാണെങ്കില്‍ ജനങ്ങളെ സുരക്ഷിതമായി മാറ്റി താമസിപ്പിക്കുന്നതിനും ക്യാമ്പ് തുടങ്ങുന്നതിനുമുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവിലുള്ള ക്യാമ്പുകളിൽ ആവശ്യത്തിനുള്ള ഭക്ഷണവും സൗകര്യങ്ങളും ഉണ്ട്.

Other News