പിണറായി വിജയന്‍ അധികാരത്തിലിരിക്കുന്നത് താലിബാന്റെ പിന്തുണയോടെയെന്ന് പി സി ജോര്‍ജ്ജ്


SEPTEMBER 14, 2021, 7:13 PM IST

കോട്ടയം: മുഖ്യമന്ത്രി പിണറായി വിജയന്‍ അധികാരത്തിലിരിക്കുന്നത് താലിബാന്റെ പിന്തുണയോടെയാണെന്ന് കേരള ജനപക്ഷം ചെയര്‍മാന്‍ പി സി ജോര്‍ജ്. കോട്ടയം പ്രസ് ക്ലബില്‍ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

താലിബാനിസ്റ്റുകള്‍ പിന്തുണച്ചതോടെയാണ് പിണറായി അധികാരത്തിലെത്തിയതെന്നും അതുകൊണ്ടാണ് പാലാ ബിഷപ്പിനെതിരെ മാര്‍ച്ച് നടത്തിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ മിണ്ടാത്തതെന്നും പി സി ജോര്‍ജ് പറഞ്ഞു. 

കേരളത്തില്‍ നടക്കുന്നത് താലിബാനിസം ആണെന്നും പി സി ജോര്‍ജ് ആരോപിച്ചു. മുഖ്യമന്ത്രി ഇതിന് പിന്തുണ നല്‍കുന്നത് ശരിയാണോ എന്നും അദ്ദേഹം ചോദിച്ചു.

വിശ്വാസികളോട് സൂക്ഷിക്കണം എന്ന് പറഞ്ഞതിന്റെ പേരില്‍ ബിഷപ്പിന്റെ താമസസ്ഥലത്തേക്ക് മാര്‍ച്ച് നടത്തി. അതിനെ നിയന്ത്രിക്കാന്‍ എന്ത് കൊണ്ടാണ് പിണറായിയുടെ ഭാഗത്ത് നിന്ന് ശ്രമം ഉണ്ടാകാത്തതെന്നും പി സി ജോര്‍ജ് പറഞ്ഞു.

കാഞ്ഞിരപ്പള്ളി മുന്‍ ബിഷപ്പ് മാര്‍ മാത്യു അറക്കലിന്റെ പിതാവിന്റെ ശവകുടീരത്തില്‍ മാലിന്യക്കൂമ്പാരം വെച്ചതായും പി സി ആരോപിച്ചു. ഇതിനെതിരെ ശക്തമായി നിലപാട് എടുത്തില്ലെങ്കില്‍ അനുഭവിക്കേണ്ടിവരുമെന്നും പി സി ജോര്‍ജ് പറഞ്ഞു.

ഈരാറ്റുപേട്ട നഗരസഭയില്‍ നടന്നതും താലിബാനിസ്റ്റുകളുടെ ഇടപെടല്‍ ആണ്. എസ് ഡി പി ഐ അംഗങ്ങള്‍ താലിബാനിസ്റ്റുകള്‍ ആണെന്നും പി സി ജോര്‍ജ് പറഞ്ഞു. നേരത്തെ നിയമസഭയിലേക്ക് വിജയിച്ച പി സി ജോര്‍ജ്ജ് തനിക്ക് എസ് ഡി പി ഐ പിന്തുണ ലഭിച്ചിരുന്നതായി പറഞ്ഞിരുന്നു.

Other News