വിളിച്ചത് പിണറായിയെ; കിട്ടിയത് ഉമ്മന്‍ചാണ്ടിയെ: എന്നാലും പ്രശ്‌നത്തിന് പരിഹാരമായി


APRIL 2, 2020, 12:02 PM IST

കോയമ്പത്തൂര്‍: ലോക്ഡൗണിനെത്തുടര്‍ന്ന് കോയമ്പത്തൂരിലെ ഹോസ്റ്റലില്‍ കുടുങ്ങിപ്പോയ ഏതാനും വിദ്യാര്‍ഥിനികള്‍ സഹായത്തിനായി മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ ബന്ധപ്പെട്ടു. പക്ഷെ നമ്പര്‍ മാറിപ്പോയി. എടുത്തത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കുട്ടികള്‍ക്കു വേണ്ട എല്ലാ സഹായവും കോയമ്പത്തൂരിലെ താമസസ്ഥലത്ത്  ഉമ്മന്‍ചാണ്ടി എത്തിച്ചു. കോയമ്പത്തൂരിലെ സ്വകാര്യ കണ്ണാശുപത്രിയില്‍ ഒപ്ടോമെട്രി പരിശീലനത്തിന് എത്തിയ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ആറ് വിദ്യാര്‍ഥിനികളാണ് ലോക്ഡൗണിനെ തുടര്‍ന്ന് ഹോസ്റ്റലില്‍ കുടുങ്ങിയത്.

ഭക്ഷണവും മറ്റ് അവശ്യ വസ്തുക്കളും തീര്‍ന്നതിനെ തുടര്‍ന്ന് മറ്റൊരാളുടെ സഹായം തേടി മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് നാട്ടിലെത്താനായിരുന്നു വിദ്യാര്‍ഥിനികളുടെ ശ്രമം. ഇതിനായി സഹായി നല്‍കിയ ഫോണില്‍ ബന്ധപ്പെട്ടപ്പോഴാണ് മറുവശത്ത് ഉമ്മന്‍ചാണ്ടിയെ ലഭിച്ചത്. ഉമ്മന്‍ ചാണ്ടി കാര്യങ്ങള്‍ അന്വേഷിക്കുകയും എല്ലാം ശരിയാക്കാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഒരു മാസത്തേക്കുള്ള ഭക്ഷ്യ ധാന്യങ്ങളും മറ്റ് അവശ്യ വസ്തുക്കളും വൈകിട്ടോടെ താമസ സ്ഥലത്ത് എത്തി.

Other News