ദുരന്തത്തിനിരയായവരെ സ്മരിച്ച് മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം


AUGUST 15, 2019, 6:33 PM IST

തിരുവനന്തപുരം: പ്രകൃതിക്ഷോഭത്തില്‍ ജീവന്‍ നഷ്ടപ്പെട്ട പ്രിയപ്പെട്ട സഹോദരങ്ങളുടെ സ്മരണയ്ക്ക് മുന്നില്‍ പ്രണമിച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്റെ സ്വാതന്ത്ര്യദിന പ്രസംഗം.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കും പുനര്‍ നിര്‍മാണ പ്രക്രിയയ്ക്കും ആത്മാര്‍ഥമായി പുനരര്‍പ്പിച്ചു കൊണ്ടാകട്ടേ സ്വാതന്ത്ര്യ ദിനാഘോഷങ്ങളെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തും സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പതാക ഉയര്‍ത്തി.

രാഷ്ട്രീയ നേതാക്കളെ ജയിലിലടയ്ക്കുന്നത് ജനാധിപത്യ വിരുദ്ധമെന്നും ജാതിയുടെ പേരിലുള്ള കൊല മനുഷ്യത്വവിരുദ്ധമെന്നും സംസ്ഥാനങ്ങളുടെ അധികാരം കവരുന്നത് ഭരണഘടനാ വിരുദ്ധമെന്നും പിണറായി പറഞ്ഞു.

വൈവിധ്യത്തെ ഏകശിലാരൂപമായ യൂണിറ്ററി സംവിധാനം കൊണ്ട് പകരം വയ്ക്കാന്‍ ശ്രമങ്ങള്‍ ഉണ്ടായാല്‍ അതും ഭരണഘടനാ ലംഘനമാണ്- മുഖ്യമന്ത്രി വ്യക്തമാക്കി.

കവളപ്പാറയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി മസ്ജിദ് തുറന്നുകൊടുത്തത് മഹനീയ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രത്തിന്റെ അയലത്തെ വഴികളിലൂടെ നടക്കാന്‍ പോലും സ്വാതന്ത്ര്യമില്ലാതിരുന്ന സമുദായങ്ങളില്‍പ്പെട്ടവരെ ക്ഷേത്രത്തിന്റെ ശ്രീകോവിലില്‍ പൂജാരികളാക്കി കയറ്റുന്നിടത്തു വരെ എത്തി സാമൂഹ്യ നവോഥാനമെന്നും സര്‍ക്കാരിനെ സംബന്ധിച്ച് അഭിമാനകരമായ കാര്യമാണിതെന്നും അദ്ദേഹം പ്രസംഗത്തില്‍ വ്യക്തമാക്കി

Other News