യൂണിവേഴ്‌സിറ്റികോളേജ് അക്കാദമിക് തലത്തില്‍ ഒന്നാമത്; രാഷ്ട്രീയമായ ഇടിച്ചുതാഴ്ത്തല്‍ ശരിയല്ല : മുഖ്യമന്ത്രി


JULY 24, 2019, 3:22 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കാളേജിനെ രാഷ്ട്രീയത്തിന്റെ പേരില്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി.

ഇപ്പോളും അക്കാദമിക് തലത്തില്‍ ഒന്നാമത് നില്‍ക്കുന്ന സ്ഥാപനമാണ് യൂണിവേഴ്‌സിറ്റി കോളെജെന്നും മുഖ്യമന്ത്രി പറഞ്ഞു.കോളേജില്‍ നടന്ന നിര്‍ഭാഗ്യകരമായ സംഭവത്തില്‍ കര്‍ശന നടപടിസ്വീകരിച്ചു. അത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാന്‍ പാടില്ല.

തെറ്റായ പ്രവണതയുണ്ടായാല്‍ ആ സ്ഥാപനം പിന്നീട് വേണ്ടതില്ല എന്ന നിലപാട് സ്വീകരിക്കാനാവുമോ? മഹത്തായ പാരമ്പര്യമുള്ള കോളേജിനെതിരെ രാഷ്ട്രീയ ലക്ഷ്യത്തോടെ ഉള്ള ഇടപെടലുകള്‍ അംഗീകരിക്കാനാകില്ല. പോരായ്മകളുണ്ടെങ്കില്‍ പരിഹരിച്ച് മുന്നോട്ടുപോകുമെന്നും പിറണായി പറഞ്ഞു.

തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.നിര്‍ഭാഗ്യകരമായ ചില പ്രശ്‌നങ്ങള്‍ കോളെജിലുണ്ടായിയെന്ന് മുഖ്യമന്ത്രി പറഞ്ഞു.

അക്രമം നടന്നു, അതില്‍ ഉള്‍പ്പെട്ട ആരേയും സംരക്ഷിക്കില്ല. കുറ്റക്കര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കും. തെറ്റായ പ്രവണത തിരുത്തും. പ്രത്യേക ലക്ഷ്യത്തോടെ കോളേജിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു. അത് ഗൗരവത്തോടെ കാണണം. അത് അനുവദിക്കാനാകില്ല.

പോരായ്മകള്‍ തിരുത്തും. കോളജ് കൂടുതല്‍ തിളക്കത്തോടെ അവിടെത്തന്നെയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.