പിണറായി ഫിന്‍ലാന്റ് യാത്ര മാറ്റി; ഞായറാഴ്ച കോടിയേരിയെ സന്ദര്‍ശിക്കും


OCTOBER 1, 2022, 4:45 PM IST

തിരുവനന്തപുരം: ചെന്നൈയില്‍ ചികിത്സയില്‍ കഴിയുന്ന സി പി എം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനെ ഞായറാഴ്ച മുഖ്യമന്ത്രി പിണറായി വിജയനും സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും സ്പീക്കര്‍ എ എന്‍ ഷംസീറും സന്ദര്‍ശിക്കും. ചെന്നൈ അപ്പോളോ ആശുപത്രിയിലാണ് കോടിയേരി ചികിത്സയില്‍ കഴിയുന്നത്. 

ചെന്നൈ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഫിന്‍ലാന്‍ഡ് യാത്ര മാറ്റിവച്ചു. ശനിയാഴ്ച രാത്രിയോടെ ഫിന്‍ലാന്‍ഡിലേക്ക് പോകാനിരിക്കുകയായിരുന്നു മുഖ്യമന്ത്രി. രണ്ടാം തിയ്യതി മുതല്‍ 12 വരെ ഫിന്‍ലാന്‍ഡ്, നോര്‍വേ, യു കെ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനായിരുന്നു തീരുമാനം. 

ആഗസ്റ്റ് 29നാണ് കോടിയേരി ബാലകൃഷ്ണനെ വിദഗ്ധ ചികില്‍സയ്ക്കായി ചെന്നൈയിലേക്ക് കൊണ്ടു പോയത്. 30-ാം തിയ്യതി അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടിയേരിക്ക് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് അപ്പോളോ ആശുപത്രിയിലേക്ക് കോടിയേരിയെ കൊണ്ടുപോയത്. ചികിത്സ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നത് പാര്‍ട്ടി നേതൃത്വമാണ്. വിദഗ്ധ ചികിത്സയിലൂടെ കോടിയേരി തിരിച്ചുവരുമെന്നാണ് പാര്‍ട്ടി നേതൃത്വം പ്രതീക്ഷിക്കുന്നത്. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം ആഗസ്റ്റ് 28നാണ് കോടിയേരി ബാലകൃഷ്ണന്‍ സി പി എം സംസ്ഥാന സെക്രട്ടറി പദം ഒഴിഞ്ഞത്.

Other News