പരമമായ മുൻഗണന മനുഷ്യജീവൻ രക്ഷിക്കാൻ:മുഖ്യമന്ത്രി;പിണറായി പോസ്റ്റ് ചെയ്ത വീഡിയോ കാണാം 


AUGUST 11, 2019, 12:05 AM IST

തിരുവനന്തപുരം:പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് മനുഷ്യജീവനുകളെ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ക്കും ശ്രമങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. രക്ഷാപ്രവർത്തനം മുഖ്യമന്ത്രി അവലോകനം ചെയ്തു. നിലവിൽ 1221 ക്യാമ്പുകളിൽ 40967 കുടുംബങ്ങളിലെ 1,45,928 പേരുണ്ട്.

ദേശീയ ദുരന്ത പ്രതിരോധസേനയുടെ നേതൃത്വത്തിൽ വിവിധ സേനാ വിഭാഗങ്ങൾ രക്ഷാ പ്രവർത്തനത്തെ സഹായിക്കുന്നു. പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നു. മത്സ്യത്തൊഴിലാളികളും വിവിധ സന്നദ്ധ സംഘടന പ്രവർത്തകരും രക്ഷാപ്രവർത്തനത്തിൽ പങ്കാളികളാകുന്നുണ്ട്.

മുഖ്യമന്ത്രി ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകൾ:നഷ്ടപ്പെട്ട ജീവന്‍ ആരു വിചാരിച്ചാലും തിരിച്ചുനല്‍കാനാവില്ല. മറ്റു ഭൗതികവസ്തുക്കളുടെ നഷ്ടങ്ങളെല്ലാം നാം ഒത്തൊരുമിച്ചാല്‍ പരിഹരിക്കാനാവുന്നതാണ്. പ്രളയബാധിത പ്രദേശങ്ങളില്‍ നിന്ന് മനുഷ്യജീവനുകളെ സംരക്ഷിക്കാനുള്ള ഇടപെടലുകള്‍ക്കും ശ്രമങ്ങള്‍ക്കുമാണ് നാം മുന്‍ഗണന നല്‍കേണ്ടത്.

പ്രളയബാധിത പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിക്കൊണ്ടിരിക്കുകയാണ്. അവര്‍ ക്യാമ്പുകളില്‍ എത്തിക്കഴിഞ്ഞാല്‍ നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. ക്യാമ്പുകള്‍ക്ക് ആവശ്യമായ സഹായ സഹകരണങ്ങള്‍ എല്ലാ ഭാഗത്തു നിന്നും ഉണ്ടാവേണ്ടതുണ്ട്. നമ്മുടെ എറ്റവും ശക്തമായ അടിത്തറ പരസ്പര സ്നേഹം തന്നെയാണ്. ഏതിനെയും മറികടക്കാനുള്ള നമ്മുടെ മൂലധനമാണ് ആ സ്നേഹവും സൗഹൃദവും. അത് മുറുകെപ്പിടിച്ചു ഈ ദുരന്തത്തെയും മറികടക്കാനുള്ള ഇടപെടലാണ് ഈ ഘട്ടം ആവശ്യപ്പെടുത്.

ദുരിതമനുഭവിക്കുന്ന ജനങ്ങളെ സംരക്ഷിക്കാനും രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഈ രംഗത്ത് അനുഭവ സമ്പത്തുള്ളവരുടെ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു ഭാഗഭാക്കാവാനും മറ്റെല്ലാ ഭിന്നതകളും മാറ്റിവച്ചുകൊണ്ട് കഴിയേണ്ടതുണ്ട്.

Other News