പിണറായി 2014 ൽ അഭിപ്രായ സ്വാതന്ത്ര്യത്തെ പിന്തുണച്ച് ഇട്ട ഫേസ്ബുക്ക് പോസ്റ്റ് കുത്തിപ്പൊക്കി വിമർശകർ 


NOVEMBER 22, 2020, 1:58 AM IST

കേരള മുഖ്യമന്ത്രി പിണറായി വിജയൻ 2014 ഇൽ നരേന്ദ്ര മോദിയെ വിമർശിച്ച് പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് ആളുകൾ വീണ്ടും ചർച്ച ആക്കുന്നു. നിരവധി ആളുകളാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യം പറഞ്ഞുകൊണ്ട് 2014 ഇൽ പിണറായി ഇട്ട ഫേസ്‍ബുക്ക് പോസ്റ്റിന് ചുവടെ കമന്റുകളുമായി എത്തിയത്.

അധികാരത്തിൽ എത്തിയാൽ അഭിപ്രായ സ്വാതന്ത്ര്യത്തിൽ എടുക്കുന്ന നിലപാട് മാറുന്നു എന്ന് ചൂണ്ടിക്കാട്ടി പിണറായി മോദിയെ വിമർശിക്കുന്നത് ആണ് പോസ്റ്റ്. 2016 ഇലാണ് പിണറായി മുഖ്യമന്ത്രിയായി സ്ഥാനം ഏറ്റത്. അഭിപ്രായ സ്വാതന്ത്ര്യം നിയന്ത്രിക്കുന്ന കേരള പോലീസ് ആക്റ്റിലെ 118(എ) നിയമം ആകുന്നതിന്റെ പശ്ചാത്തലത്തിലാണ് പഴയ പോസ്റ്റ് വീണ്ടും സാമൂഹിക മാധ്യമങ്ങളിൽ ചർച്ച ആകുന്നത്. 

118 (എ) നിയമം ആകുന്നതോടെ സാമൂഹിക മാധ്യമങ്ങളിലെ വിമർശനങ്ങൾക്ക് അഞ്ച് വർഷം വരെ തടവും 10,000 രൂപ പിഴയും ചുമത്താൻ നിയമം ആകും. ഇത് ഓൺലൈൻ മാധ്യമങ്ങൾക്കും ബാധകവും ആണ്. പോലീസിന്റെ തീരുമാനത്തിലാണ് ഈ നിയമത്തിന്റെ പ്രവർത്തനം ആശ്രയിക്കുന്നത് എന്നത് ഇതിന്റെ പ്രാധാന്യം വർധിപ്പിക്കുന്നു. ഗവർണ്ണർ സർക്കാർ നൽകിയ ശുപാർശ അംഗീകരിച്ചതോടെ പോലീസ് ആക്ട് ഭേദഗതി നിയമം ആയി. ഈ സാഹചര്യത്തിൽ കേരളത്തിലെ പിണറായി സർക്കാർ അഭിപ്രായ സ്വാതന്ത്ര്യത്തിൽ ഇരട്ടത്താപ്പ് നയം ആണ് സ്വീകരിക്കുന്നത് എന്ന വിമർശനം വിവിധ കോണുകളിൽ നിന്നും ഉയർന്നു കഴിഞ്ഞു.

ഈ നയത്തിലെ ഇരട്ടത്താപ്പ് ചൂണ്ടിക്കാട്ടിയാണ് പോസ്റ്റിന് താഴെ ആളുകൾ കമന്റുമായി എത്തിയത്. സ്പ്രിങ്ക്ലർ കരാർ ആരോപണം ഉയർന്ന സാഹചര്യത്തിലും വ്യക്തി സ്വകാര്യതയിൽ സിപിഎം സ്വീകരിച്ച നയവുമായി ഒത്തുപോകുന്നില്ല എന്ന ആരോപണം ഉയർന്നിരുന്നു. ആധാർ സ്വകാര്യത ലംഘിക്കുന്നു എന്ന് സിപിഎം നിലപാട് എടുത്തിരുന്നു. 

അദ്ദേഹത്തിന്റെ 2014 ലെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ: 

"ഭരണഘടന വെറുതെയല്ല. പൗരസ്വാതന്ത്ര്യം അടിയറ വെക്കില്ല. പൗരന്റെ അഭിപ്രായ സ്വാതന്ത്ര്യം പ്രധാനമാണ്." സമൂഹ മാധ്യമം നൽകുന്ന സാദ്ധ്യതകൾ വാരിക്കോരി ഉപയോഗപ്പെടുത്തി ഭരണത്തിലെത്തിയ സർക്കാരാണ് നരേന്ദ്ര മോദിയുടേത്. ഭരണം കൈയാളികഴിയുമ്പോൾ ഇത്തരക്കാർ അതെ മാധ്യമത്തിന് മൂക്കുകയറിടുന്നത് ഇതാദ്യമല്ല. ഭരണഘടനയുടെ 19 എ അനുഛേദം സ്വാഭിപ്രായം പ്രകടിപ്പിക്കാൻ ഉള്ള സ്വാതന്ത്ര്യം എല്ലാ പൗരന്മാർക്കും നൽകുന്നുണ്ട്. ഈ ഭരണഘടനയെ സാക്ഷിയാക്കി ഭരണത്തിലേറുന്നവർക്ക് ഭരണഘടനാ ദത്തമായ പൗരസ്വാതന്ത്ര്യം പരിരക്ഷിക്കാനുള്ള ചുമതലയുണ്ട്. അതല്ല ഇന്ന് നടക്കുന്നത്. ജനവിരുദ്ധമായ നിയമ സംഹിതകൾ കൊണ്ട് തച്ചുതകർക്കാവുന്നവയല്ല പൗരസ്വാതന്ത്ര്യം എന്ന് പ്രഖ്യാപിക്കാൻ നവ മാധ്യമത്തിൽ ഇടപെടുന്ന എല്ലാവരും മുന്നോട്ട് വരേണ്ടതുണ്ട്. 

പ്രൊട്ടെക്റ്റ് ഇന്റർനെറ്റ് ഫ്രീഡം എന്ന ഹാഷ്ടാഗിനൊപ്പമാണ് അന്ന് പിണറായി അഭിപ്രായം പങ്കുവെച്ചത്. 

Other News