പാലായില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിത്വം പ്രതിസന്ധിയില്‍


AUGUST 31, 2019, 3:10 PM IST

പാല: നിഷ ജോസ് കെ മാണിയെ സ്ഥാനാര്‍ത്ഥിയാക്കുന്ന പക്ഷം പാര്‍ട്ടി ചെയര്‍മാന്‍ സ്ഥാനം വേണമെന്ന് പി.ജെ ജോസഫ്. ഇതോടെ പാലായില്‍  പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പ്രതിസന്ധിയിലായി. സ്ഥാനാര്‍ഥിയെ ഒറ്റക്ക് തീരുമാനിക്കുകയാണെങ്കില്‍ പാര്‍ട്ടി ചിഹ്നം പി.ജെ. ജോസഫിന്റെ കൈയിലാണെന്ന കാര്യം ഓര്‍മ വേണമെന്ന് മോന്‍സ് ജോസഫ് ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

അതേസമയം എതിര്‍ത്തില്ലെങ്കിലും നിഷയെ സ്ഥാനാര്‍ത്ഥിയാക്കുന്നതില്‍ പി.ജെ ജോസഫിന് വലിയ സമ്മതമില്ല എന്നാണ് റിപ്പോര്‍ട്ട്. വിജയപ്രതീക്ഷയുള്ളയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് അദ്ദേഹം പ്രതികരിക്കുകയും ചെയ്തു. ജോസഫ് പക്ഷത്തെ പലര്‍ക്കും നിഷ ജോസ് കെമാണിയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ താല്‍പര്യമില്ല പാര്‍ട്ടി അംഗത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് ഇവരുടെ ആവശ്യം.

എന്നാല്‍ നിഷ പാര്‍ട്ടി അംഗമാണെന്നും പാര്‍ട്ടി സ്ഥാനാര്‍ഥിയാകാന്‍ പി.എസ്.സി പരീക്ഷക്ക് അപേക്ഷിക്കേണ്ട യോഗ്യതയൊന്നും വേണ്ടെന്നും വോട്ടര്‍ പട്ടികയില്‍ പേരുണ്ടായാല്‍ മതിയെന്നും ഇത് സംബന്ധിച്ച് റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു.

Other News