കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ജോസ് കെ മാണിയും പിജെ ജോസഫും തമ്മില്‍ കൊമ്പുകോര്‍ക്കല്‍ തുടരുന്നു.


JUNE 7, 2019, 3:07 PM IST

കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തെച്ചൊല്ലി കേരള കോണ്‍ഗ്രസില്‍ ജോസ് കെ മാണിയും പിജെ ജോസഫും തമ്മില്‍ കൊമ്പുകോര്‍ക്കല്‍ തുടരുന്നു.

മാണി ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം രൂക്ഷമായിരിക്കെ പി.ജെ ജോസഫിനെതിരെ ആരോപണങ്ങളുമായി ജോസ് കെ മാണി പരസ്യമായി രംഗത്തെത്തി. സംസ്ഥാന കമ്മിറ്റി വിളിക്കാന്‍ ജോസഫിന് ഭയമാണെന്നും ഞാനാണ് ചെയര്‍മാനാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ട് സമവായം വേണമെന്ന് പറയുന്നതില്‍ ആത്മാര്‍ത്ഥതയില്ലെന്നും ജോസ് കെ മാണി ആരോപിച്ചു. നേരത്തെ

കേരള കോണ്‍ഗ്രസ് ഭരണഘടനയില്‍ ചെയര്‍മാന്‍ കെ.എം മാണി മരിച്ചാല്‍ മകന്‍ ചെയര്‍മാനാകും എന്ന് എഴുതിയിട്ടുണ്ടോയെന്ന പി.ജെ ജോസഫ് ചോദിച്ചിരുന്നു. ഈ പരാമര്‍ശം ഏറെ വേദനയുണ്ടാക്കുന്നതാണെന്ന് ജോസ് കെ മാണി പറഞ്ഞു. ഇത് കെ.എം മാണിയെയും തന്നെയും അപമാനിക്കുന്നതിന് തുല്യമാണ്. പി ജെ ജോസഫിന് അതേ ഭാഷയില്‍ താന്‍ മറുപടി നല്‍കാന്‍ ആഗ്രഹിക്കുന്നില്ലെന്നും ജോസ് കെ മാണി പറഞ്ഞു. പി ജെ ജോസഫും അദ്ദേഹത്തെപ്പോലെ വേറെ മുതിര്‍ന്ന നേതാക്കളും ചെയര്‍മാനാകാന്‍ അര്‍ഹതയുള്ളവരായി പാര്‍ട്ടിയിലുണ്ട്. എന്നാല്‍ ചെയര്‍മാനെ സംസ്ഥാന കമ്മിറ്റി വിളിച്ചാണ് തെരഞ്ഞെടുക്കേണ്ടത്.

എന്നാല്‍ സംസ്ഥാന കമ്മിറ്റി വിളിച്ച് ചേര്‍ക്കാതെ ഞാനാണ് ചെയര്‍മാനാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ട് സമവായം വേണമെന്ന് പറയുന്നതില്‍ ആത്മാര്‍ത്ഥതയില്ല. സംസ്ഥാന കമ്മിറ്റി വിളിച്ച് ചേര്‍ക്കാന്‍ ഭയമുണ്ട് എന്ന് പറയുമ്പോള്‍ ജനാധിപത്യത്തില്‍ ഭയമുണ്ടെന്നാണ് അര്‍ത്ഥം. കേരള കോണ്‍ഗ്രസില്‍ ജനാധിപത്യം നിലനിര്‍ത്താനുള്ള നടപടികള്‍ ഞങ്ങളെടുക്കുമെന്നും ജോസ് കെ മാണി വ്യക്തമാക്കി.കേരള കോണ്‍ഗ്രസില്‍ ചെയര്‍മാന്‍ സ്ഥാനത്തിനായുള്ള സമവായ നീക്കത്തില്‍ നിന്ന് പി.ജെ ജോസഫ് വിഭാഗം നേരത്തെ പിന്‍മാറിയിരുന്നു.

സമാന്തര യോഗങ്ങള്‍ പാര്‍ട്ടി വിരുദ്ധ നടപടിയായി കണക്കാക്കുമെന്ന പി.ജെ ജോസഫിന്റെ മുന്നറിയിപ്പിനെ വെല്ലുവിളിച്ച് ജോസ് കെ മാണി വിഭാഗം നേതാക്കള്‍ പാലായില്‍ ജോസ് കെ മാണിയുടെ വസതിയില്‍ രഹസ്യയോഗം ചേര്‍ന്നിരുന്നു. ഇതില്‍ പ്രകോപിതരായാണ് ജോസഫ് വിഭാഗം സമവായ നീക്കങ്ങളില്‍ നിന്ന് പിന്‍മാറിയത്. ഇതോടെ ചെയര്‍മാനെ തെരഞ്ഞെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ജോസ് കെ മാണി വിഭാഗം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തിരുന്നു.

Other News