കവി എസ് രമേശന്‍ അന്തരിച്ചു


JANUARY 13, 2022, 7:25 AM IST

കൊച്ചി: പ്രശസ്ത കവി എസ് രമേശന്‍ അന്തരിച്ചു. 69 വയസ്സായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

പുരോഗമന കലാസാഹിത്യസംഘം വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം ഡയറക്ടര്‍ ബോര്‍ഡ് അംഗം, എറണാകുളം പബ്ലിക് ലൈബ്രറി യുടെ അധ്യക്ഷന്‍, കേരള ഗ്രന്ഥശാലാ സംഘം നിര്‍വാഹക സമിതി അംഗം തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. ഗ്രന്ഥാലോകം സാഹിത്യ മാസികയുടെ മുഖ്യ പത്രാധിപരായും പ്രവര്‍ത്തിച്ചു.. 1996 മുതല്‍ 2001 വരെ സാംസ്‌കാരിക മന്തി ടി കെ രാമകൃഷ്ണന്റെ സാംസ്‌കാരിക വകുപ്പിന്റെ ചുമതലയുള്ള അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു. പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പത്രാധിപര്‍ എന്നീ നിലകളിലും ശ്രദ്ധേയനായിരുന്നു.

എസ്.എന്‍. കോളേജ് പ്രൊഫസറായിരുന്ന ഡോ. ടി.പി. ലീലയാണ് ഭാര്യ. ഡോ. സൗമ്യ രമേശ്, സന്ധ്യാ രമേശ് എന്നിവര്‍ മക്കള്‍.

1973-75 കാലങ്ങളില്‍ എറണാകുളം മഹാരാജാസ് കോളേജിലെ ആദ്യത്തെയും രണ്ടാമത്തെയും എസ്എഫ് ഐ യുടെ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു എസ് രമേശന്‍.


വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ തന്നെ എഴുതി തുടങ്ങി. ശിഥില ചിത്രങ്ങള്‍, മല കയറുന്നവര്‍, എനിക്കാരോടും പകയില്ല, അസ്ഥി ശയ്യ,കലുഷിത കാലം, കറുത്ത കുറിപ്പുകള്‍ എസ് രമേശന്റെ കവിതകള്‍ എന്നിവയാണ് കൃതികള്‍. ചെറുകാട് അവാര്‍ഡ്,ശക്തി അവാര്‍ഡ്,എ പി കളക്കാട് പുരസ്‌കാരം,മുലൂര്‍ അവാര്‍ഡ്. ആശാന്‍ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമിയുടെ 2015 ലെ അവാര്‍ഡ്, ഫൊക്കാന പുരസ്‌കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കേരള സ്റ്റേറ്റ് സര്‍വീസില്‍ 1981ല്‍ ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫീസര്‍ ആയി ജോലിയില്‍ പ്രവേശിച്ച അദ്ദേഹം  2007ല്‍ അഡീഷണല്‍ ഡെവലപ്പ്‌മെന്റ് കമ്മിഷണര്‍ തസ്തികയില്‍ നിന്നാണ് വിരമിച്ചത്. അതിനുമുമ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറില്‍ ജോലി ചെയ്തിരുന്നു.

1952 ഫെബ്രുവരി 16 ന് കോട്ടയം ജില്ലയിലെ വൈക്കത്താണ് ജനനം. പള്ളിപ്രത്തുശ്ശേരി (വൈക്കം) സെന്റ് ജോസഫ് എല്‍ പി സ്‌ക്കൂള്‍, വൈക്കം ഗവണ്മെന്റ് ബോയ്‌സ് ഹൈസ്‌ക്കൂള്‍ എന്നിവിടങ്ങളില്‍ സ്‌ക്കൂള്‍ വിദ്യാഭ്യാസം. ചേര്‍ത്തല സെന്റ് മൈക്കിള്‍സ് കോളേജില്‍ പ്രീഡിഗ്രീ വിദ്യാഭ്യാസം. 1970 മുതല്‍1975 വരെ എറണാകുളം മഹാരാജാസ് കോളേജില്‍ ബി.എ, എംഎ പഠനം. ഈ കാലയളവില്‍ രണ്ടു തവണ മഹാരാജാസ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആയിരുന്നു. 1975 മുതല്‍ എറണാകുളം ഗവന്മെന്റ് ലോ കോളേജില്‍ നിയമ പഠനം പൂര്‍ത്തിയാക്കി.


മൃതദേഹം വെള്ളിയാഴ്ച രാവിലെ  എട്ട് മണിക്ക് പച്ചാളത്തുള്ള വസതിയില്‍ എത്തിയ്ക്കും.11 ന് എറണാകുളം ടൗണ്‍ ഹാളില്‍ കൊണ്ടുവരും. രണ്ട് മണിക്ക് പച്ചാളം ശ്മാശാനത്തിലാണ് സംസ്‌ക്കാരം.

Other News