വിദേശ ജോലിക്ക് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അവകാശം കേന്ദ്ര സര്‍ക്കാരിന്


MAY 12, 2022, 7:43 AM IST

തിരുവനന്തപുരം: വിദേശരാജ്യങ്ങളിലെ ജോലിയാവശ്യത്തിന് കേരള പോലീസ് ഇനി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. സ്വഭാവം നല്ലതാണെന്ന സര്‍ട്ടിഫിക്കറ്റ് നല്‍കാനുള്ള അവകാശം കേന്ദ്രസര്‍ക്കാരിന് മാത്രമാണെന്ന ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംസ്ഥാന പൊലീസ് മേധാവി ഇതു സംബന്ധിച്ച സര്‍ക്കുലര്‍ ഇറക്കി.

'പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ്' എന്നതിനുപകരം 'കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടില്ല' എന്ന സര്‍ട്ടിഫിക്കറ്റാകും ഇനി നല്‍കുക. സംസ്ഥാനത്തിനകത്തുള്ള ജോലിക്കായോ മറ്റോ മാത്രമാകും ഇതു നല്‍കുക. ഈ സര്‍ട്ടിഫിക്കറ്റിനായി അപേക്ഷകന്‍ ജില്ലാ പൊലീസ് മേധാവിക്കോ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കോ അപേക്ഷ നല്‍കണം. മതിയായ കാരണങ്ങളുണ്ടെങ്കില്‍, നേരിട്ടല്ലാതെ മറ്റൊരാളെ ചുമതലപ്പെടുത്തിയും സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാം. 500 രൂപയാണ് ഫീസ്. അപേക്ഷ ലഭിച്ചാലുടന്‍ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കും.

അപേക്ഷകന്റെ പേരില്‍ ട്രാഫിക്, പെറ്റി കേസുകള്‍ ഒഴികെ ക്രിമിനല്‍ കേസുണ്ടെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കില്ല. പകരം, കേസ് വിവരങ്ങളടങ്ങിയ കത്ത് നല്‍കും. തെറ്റായ വിവരങ്ങളാണ് അപേക്ഷകന്‍ നല്‍കുന്നതെങ്കില്‍ സര്‍ട്ടിഫിക്കറ്റ് നിരസിക്കും. കഴിഞ്ഞവര്‍ഷം ഓഗസ്റ്റിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍നിന്ന് പൊലീസ് പിന്‍വാങ്ങിയത്. ചിലരാജ്യങ്ങളില്‍ ജോലി ലഭിക്കണമെങ്കില്‍ സ്വാഭവ സര്‍ട്ടിഫിക്കറ്റ് വേണമെന്നു വന്നതോടെയാണ് ഹൈക്കോടതിയില്‍ ഹര്‍ജി വന്നത്.

ഈ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ കേന്ദ്രസര്‍ക്കാരിനോ സര്‍ക്കാര്‍ ചുമതലപ്പെടുത്തുന്നവര്‍ക്കോ മാത്രമേ അധികാരമുള്ളൂവെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. കുവൈറ്റില്‍ ജോലിക്ക് ഇത്തരം സര്‍ട്ടിഫിക്കറ്റ് ആവശ്യമാണെന്നും റീജണല്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍നിന്ന് ഇതുനല്‍കുന്നുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം ഉദ്ധരിച്ചാണ് കേരള ഹൈക്കോടതി ഉത്തരവിറക്കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന പൊലീസ് മേധാവി ഇക്കാര്യങ്ങള്‍ വ്യക്തമാക്കി കഴിഞ്ഞദിവസം സര്‍ക്കുലര്‍ പുറത്തിറക്കി.