രക്ഷാപ്രവർത്തനത്തിന് കേരളാ പോലീസ് വിപുലമായ സംവിധാനങ്ങൾ ഏർപ്പെടുത്തി


AUGUST 9, 2019, 1:16 PM IST

തിരുവനന്തപുരം: കാലവർഷക്കെടുതികൾ നേരിടുന്നതിനും ദുരിതമനുഭവിക്കുന്നവർക്ക് സഹായം എത്തിക്കുന്നതിനുമായി പോലീസിലെ എല്ലാ വിഭാഗത്തെയും സംസ്ഥാനത്തെമ്പാടുമായി നിയോഗിച്ചു.ലോക്കൽ പോലീസിനെ കൂടാതെ കേരളാ ആംഡ് പോലീസ് ബറ്റാലിയനുകൾ, സ്‌പെഷ്യൽ ബ്രാഞ്ച് ഉൾപ്പെടെയുള്ള സ്‌പെഷ്യൽ യൂണിറ്റുകൾ എന്നിവിടങ്ങളിലെ എല്ലാ വിഭാഗത്തിലുംപെട്ട പോലീസ് ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തിവരികയാണ്.  ഇന്ത്യ റിസർവ്വ് ബറ്റാലിയൻ, റാപ്പിഡ് റെസ്‌പോൺസ് റെസ്‌ക്യൂ ഫോഴ്‌സ്, നാലു റെയ്ഞ്ചുകളിലെയും ഡിസ്സാസ്റ്റർ റിലീഫ് ടീം എന്നിവയിൽ നിന്ന് ഉൾപ്പെടെ ദുരിതനിവാരണ മേഖലയിൽ പ്രത്യേക പരിശീലനം നേടിയ 1850 പേരെ വിവിധ ജില്ലകളിൽ അധികമായി വിന്യസിച്ചിട്ടുണ്ട്.  മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എല്ലാ പോലീസ് സ്റ്റേഷനുകളിലും ജെ.സി.ബികൾ എത്തിക്കാൻ ഏർപ്പാടു ചെയ്തിട്ടുണ്ട്.

പോലീസിൻറെ കൈവശമുള്ള ചെറുതും വലുതുമായ എല്ലാത്തരം വാഹനങ്ങളും ബോട്ടുകളും രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്നുണ്ട്.  വാർത്താവിനിമയബന്ധം തകരാറായ സ്ഥലങ്ങളിൽ പോലീസിൻറെ വയർലസ് സെറ്റും സാറ്റലൈറ്റ് ഫോണുകളും ഉപയോഗിച്ചു വരുന്നു.  ദുരിതാശ്വാസകേന്ദ്രങ്ങളിൽ പ്രത്യേക സുരക്ഷാസംവിധാനവും കാവലും ഏർപ്പെടുത്തിയിട്ടുണ്ട്.  മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ എത്രയും പെട്ടെന്ന് പോസ്റ്റ്മാർട്ടം ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കി വിട്ടുനൽകുന്നതിന് പോലീസ് സഹായം ലഭ്യമാക്കും.

 സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും മാർഗ്ഗനിർദ്ദേശം നൽകുന്നതിനുമായി എല്ലാ ദിവസവും രാവിലെയും വൈകിട്ടും സംസ്ഥാന പോലീസ് മേധാവി ജില്ലാ പോലീസ് മേധാവിമാരുമായി വീഡിയോ കോൺഫൻസ് വഴി ആശയവിനിമയം നടത്തുന്നുണ്ട്.

Other News