മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായ വാഹനാപകടം; ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് അറസ്റ്റില്‍


AUGUST 3, 2019, 6:33 PM IST

തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ മരിക്കാനിടയായ വാഹനാപകടകേസില്‍ സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് അറസ്റ്റിലായി. ശ്രീറാം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയില്‍ എത്തി പോലീസ് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. മനപ്പൂര്‍വമല്ലാത്ത നരഹത്യാ കുറ്റമാണ് ശ്രീറാമിനെതിരെ ചുമത്തിയിട്ടുള്ളത്. അപകടത്തില്‍പ്പെട്ട കാറില്‍ ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന വഫ ഫിറോസ് എന്ന യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്തകയും ചെയ്തിട്ടുണ്ട്. വഞ്ചിയൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ എത്തിച്ചായിരുന്നു വഫ ഫിറോസിന്റെ രഹസ്യമൊഴി രേഖപ്പെടുത്തിയത്.

ശനിയാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ തിരുവനന്തപുരം മ്യൂസിയം ജങ്ഷന് സമീപത്തുവച്ചാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് സിറാജ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെ.എം. ബഷീര്‍ മരിച്ചത്. അമിതവേഗത്തില്‍ വന്ന കാര്‍ ബൈക്കിന് പിന്നിലിടിച്ചായിരുന്നു അപകടം. ശ്രീറാം വെങ്കിട്ടരാമനും സുഹൃത്തും മോഡലുമായ വഫ ഫിറോസുമുണ്ടായിരുന്നു വാഹനത്തില്‍. വഫ ഫിറോസിന്റെ പേരില്‍ തിരുവനന്തപുരത്ത് രജിസ്റ്റര്‍ ചെയ്ത കാറിലായിരുന്നു ഇരുവരും സഞ്ചരിച്ചിരുന്നത്.<

ആദ്യം വഫ ഫിറോസാണ് വണ്ടിയോടിച്ചിരുന്നതെന്ന് പ്രചരിപ്പിക്കപ്പെട്ടെങ്കിലും  പോലീസ് ചോദ്യം ചെയ്യലില്‍ ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണ് കാറോടിച്ചിരുന്നതെന്ന് വഫ മൊഴി നല്‍കി. ദൃക്‌സാക്ഷി മൊഴികളും ശ്രീറാമാണ് വാഹനമോടിച്ചിരുന്നത് എന്ന് തന്നെയായിരുന്നു. ശ്രീറാം വെങ്കിട്ടരാമന്റെ പേരില്‍ ജാമ്യമില്ലാ കുറ്റം ചുമത്താനും ഡിജിപിയുടെ നിര്‍ദേശമുണ്ടായിരുന്നു. 

Other News