ലഷ്‌കര്‍ സംശയത്തിൽ കഴമ്പില്ല;റഹീമിനെയും യുവതിയെയും വിട്ടയച്ചു


AUGUST 26, 2019, 1:42 AM IST

കൊച്ചി: ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഭീകരർക്കെതിരെ അതീവ ജാഗ്രത തുടരുന്നതിനിടെ ലഷ്‌കര്‍ ബന്ധം സംശയിച്ചു പോലീസ് കസ്റ്റഡിയിലെടുത്ത കൊടുങ്ങല്ലൂര്‍ മതിലകം സ്വദേശി അബ്‌ദുൽ ഖാദര്‍ റഹീ(39)മിനെ വിട്ടയച്ചു. റഹീമിനോടൊപ്പം രണ്ടുദിവസം മുമ്പ്  ബഹ്റൈനില്‍ നിന്നെത്തിയ വയനാട് സ്വദേശിയായ യുവതിയെയും കസ്റ്റഡിയിലെടുത്തിരുന്നു.ഇവരെയും വിട്ടയച്ചിട്ടുണ്ട്.

പൊലീസും കേന്ദ്ര ഏജന്‍സികളും 24 മണിക്കൂര്‍ ചോദ്യംചെയ്ത ശേഷം,ആവശ്യമെങ്കില്‍ വീണ്ടും വിളിപ്പിക്കുമെന്ന നിബന്ധനയോടെയാണ് നടപടി. സംശയാസ്‌പദമായി ഒന്നും കണ്ടെത്തിയില്ലെന്നു കൊച്ചി പോലീസ് അറിയിച്ചു.

ഏറെ നീണ്ട തെരച്ചിലിനൊടുവില്‍ കൊടുങ്ങല്ലൂര്‍ സ്വദേശിയായ റഹീമിനെ എറണാകുളം ജില്ലാ കോടതിയില്‍ നിന്നു ശനിയാഴ്ചയാണ് കസ്റ്റഡിയിലെടുത്തത്. റഹീം കോടതി മുഖാന്തിരം കീഴടങ്ങാന്‍ അനുവദിക്കണമെന്ന ഹര്‍ജി നല്‍കാന്‍ എത്തിയപ്പോഴാണ് പിടിയിലായത്.

നേരത്തെ, ശ്രീലങ്ക വഴി ലഷ്‌കറെ ത്വയിബ ഭീകരര്‍ തമിഴ്‌നാട്ടിലേക്ക് നുഴഞ്ഞു കയറിയെന്ന ഭീതിയെ തുടര്‍ന്നു ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ജാഗ്രത കര്‍ശനമാക്കിയിരുന്നു. കോയമ്പത്തൂരില്‍ എത്തിയതിനു ശേഷം കാണാതായ അഞ്ജാത സംഘത്തിനായി തെരച്ചില്‍ ശക്തമാണ്. ഇതിനിടെയാണ് ഇവരുമായി ബന്ധമുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ റഹീമിനായി പൊലീസ് അന്വേഷണം നടത്തിയത്.

റഹീമിനെ കുറിച്ചു പൊലീസിനു ലഭിച്ച രഹസ്യവിവരങ്ങള്‍ ദേശീയ അന്വേഷണ ഏജന്‍സിയും (എന്‍ ഐ എ) പരിശോധിച്ചു. വിദേശത്തു പെണ്‍വാണിഭ സംഘത്തിന്റെ പിടിയിലായിരുന്ന യുവതിയെ രക്ഷപ്പെടുത്തി നാട്ടിലെത്തിച്ചതിന്റെ പ്രതികാരം തീര്‍ക്കാന്‍ പെണ്‍വാണിഭ മാഫിയ തന്നെ ഭീകരനായി ചിത്രീകരിച്ചു പോലീസിനെ തെറ്റിദ്ധരിപ്പിച്ചെന്നാണു റഹീം പറയുന്നത്.

ദീര്‍ഘകാലം വിദേശത്തായിരുന്ന റഹീം മടങ്ങിയെത്തി ആലുവയില്‍ ഓട്ടോമൊബൈല്‍ വര്‍ക്‌ഷോപ്പ് നടത്തുകയാണ് ഇതിനിടെ ഒരു മാസം മുമ്പാണു ബഹ്‌റൈനിലേക്കു പോയത്.

Other News