പോലീസുകാരന്റെ ആത്മഹത്യ ക്യാമ്പിലെ പീഡനത്തില്‍ മനം നൊന്ത് : ആത്മഹത്യാകുറിപ്പ് കണ്ടെത്തി


JULY 31, 2019, 10:54 AM IST

പാലക്കാട് :  ഒറ്റപ്പാലം ലക്കിടിയില്‍ ട്രെയിന്‍തട്ടി മരിച്ച സിവില്‍ പൊലീസ് ഓഫിസര്‍ കുമാറിന്റെ ആത്മഹത്യക്കു പിന്നില്‍ പോലീസ് ക്യാമ്പിലെ പീഡനമെന്ന് സൂചന.

ഇത് വ്യക്തമാക്കി കുമാര്‍ എഴുതിയ ആത്മഹത്യാക്കുറിപ്പ് മൃതദേഹം കാണപ്പെട്ട റെയില്‍ വെ ട്രാക്കിനു സമീപം കണ്ടെത്തി.മേലധികാരികളുടെയും സഹപ്രവര്‍ത്തകരുടെയും ആക്ഷേപത്തില്‍ മനം നൊന്താണ് ജീവനൊടുക്കുന്നതെന്നാണ് കത്തിലുള്ളത്.

കല്ലേക്കാട് സായുധസേനാ ക്യാംപിലെ പൊലീസുകാരനും ആദിവാസി വിഭാഗക്കാരനുമായ കുമാറിന്റെ ആത്മഹത്യാക്കുറിപ്പില്‍ ഒരു ഭാഗത്ത്   'ജോലിസ്ഥലത്തെ അവഹേളനവും അധിക്ഷേപവും സഹിച്ച് ഇനിയും ഇങ്ങനെ ജീവിക്കാന്‍ വയ്യ, കുറ്റവും കുറവുമൊക്കെ ഉണ്ടെങ്കിലും ഞാനും ഒരു മനുഷ്യനല്ലേ' എന്നാണ് എഴുതിയിട്ടുള്ളത്.

ചൊവ്വാഴ്ച വൈകിട്ട് ആറോടെ ലക്കിടി റെയില്‍വേ സ്റ്റേഷനു സമീപം പാളത്തിനരികില്‍ നിന്നാണു മരണക്കുറിപ്പു പൊലീസ് കണ്ടെടുത്തത്. കുമാറിനു ക്യാംപില്‍ നേരിട്ട പീഡനങ്ങള്‍ വ്യക്തമാക്കുന്നതാണ് ഉള്ളടക്കം. ക്യാമ്പിലെ ചിലരുടെ നിരന്തരമായ അവഹേളനവും അധിക്ഷേവുമാണു മരണത്തിലേക്കു നയിച്ചതെന്നു ഭാര്യ സജിനിയും സഹോദന്‍ രങ്കനും ആരോപിച്ചിരുന്നു കത്തിലെ കയ്യക്ഷരം കുമാറിന്റേതാണെന്നു സജിനി തിരിച്ചറിഞ്ഞതായി ഷൊര്‍ണൂര്‍ ഡിവൈഎസ്പി എന്‍.മുരളി പറഞ്ഞു.

മാനസികമായി പീഡിപ്പിച്ച സംഘത്തെക്കുറിച്ചു വിശദീകരിക്കുന്ന കത്തില്‍  ക്യാംപ് മുന്‍ ഡപ്യൂട്ടി കമന്‍ഡാന്റ് സുരേന്ദ്രന്‍, സിവില്‍ പൊലീസ് ഓഫിസര്‍ ആസാദ് എന്നിവരെ പരാമര്‍ശിക്കുന്നു.വരയിട്ട മൂന്നു പേജിലുളള കത്തും ഒാഫാക്കിയ മൊബൈലും ബൈക്കിന്റെ താക്കോലും അടങ്ങിയ പ്ലാസ്റ്റിക് കവര്‍ ട്രാക്കിനോടു ചേര്‍ന്നു മൃതദേഹം കിടന്ന സ്ഥലത്തിനു സമീപം കരിയില മൂടിയ നിലയിലായിരുന്നു.

25നു രാത്രി ഒന്‍പതരയോടെയാണു തലവേര്‍പെട്ട നിലയില്‍ കുമാറിന്റെ മൃതദേഹം കണ്ടെത്തിയത്.

Other News