പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക അക്രമം; കെ.എസ് ആർ ടി സി ബസുകളും സ്വകാര്യ വാഹനങ്ങളും തകർത്തു


SEPTEMBER 23, 2022, 11:33 AM IST

തിരുവനന്തപുരം: പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ സംസ്ഥാനത്ത് വ്യാപക അക്രമണം. സംസ്ഥാനത്ത് പലയിടങ്ങളിലും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്കു നേരെ കല്ലേറ്. പലയിടങ്ങളിലും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും യാത്രക്കാര്‍ക്കും കല്ലേറില്‍ പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് വ്യാപക കേടുപാടുകള്‍ സംഭവിച്ചു. 

തിരുവനന്തപുരം, ആലപ്പുഴ, കൊല്ലം, പത്തനംതിട്ട, കണ്ണൂര്‍, കോഴിക്കോട്, എറണാകുളം എന്നിവിടങ്ങളിലാണ് വ്യാപക അക്രമം നടക്കുന്നത്. ആലപ്പുഴ വളഞ്ഞവഴിയില്‍ രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍, രണ്ട് ലോറികള്‍ എന്നിവയുടെ ചില്ലുകള്‍ തകര്‍ന്നു. കല്ലെറിഞ്ഞവര്‍ പൊലീസിനെ വെട്ടിച്ച് ബൈക്കില്‍ കടന്നുകളഞ്ഞു. ആലപ്പുഴയില്‍ കെഎസ്ആര്‍ടിസി ബസിന് നേരെയുണ്ടായ കല്ലേറില്‍ ഡ്രൈവറുടെ കണ്ണിന് പരിക്കേറ്റു

.

കോഴിക്കോട് രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കുനേരെ കല്ലേറുണ്ടായി. കാട്ടാക്കടയില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബസുകള്‍ തടയുന്നു. ബാലരാമപുരത്ത് ബസ്സുകള്‍ക്കു നേരെ വ്യാപകമായ കല്ലേറുണ്ടായി. തിരുവനന്തപുരം പോത്തന്‍ കാട് മഞ്ഞമലയില്‍ കടകള്‍ ഹര്‍ത്താല്‍ അനുകൂലികള്‍ ബലമായി അടപ്പിച്ചു. കട അടിച്ചു തകര്‍ക്കുകയും പഴക്കുലകള്‍ വലിച്ചെറിയുകയും ചെയ്തു.

അതേസമയം, സര്‍വ്വീസുകള്‍ നിര്‍ത്തി വയ്ക്കില്ലെന്ന് ഗതാഗതമന്ത്രി വ്യക്തമാക്കി. പോലീസ് സഹായത്തോടെ പരമാവധി സര്‍വ്വീസുകള്‍ നടത്തുമെന്നും ആന്റണി രാജു പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. പ്രതികളില്‍ നിന്നും നഷ്ടപരിഹാരം ഏറ്റെടുക്കുമെന്നും ഗതാഗതമന്ത്രി  ആന്റണി രാജു പറഞ്ഞു.

അതേസമയം ഹര്‍ത്താല്‍ ദിനത്തില്‍ ക്രമസമാധാന പാലനത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന പോലീസ് വാഗ്ദാനം വെറുംവാക്കാകുകയാണ് ഇപ്പോള്‍. സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്തായിരുന്നു അക്രമം നിയന്ത്രിക്കണമെന്ന് എല്ലാ ജില്ലാ പോലീസ് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്‍കിയിരുന്നത്. അക്രമത്തില്‍ ഏര്‍പ്പെടുന്നവര്‍, നിയമലംഘകര്‍, കടകള്‍ നിര്‍ബന്ധമായി അടപ്പിക്കുന്നവര്‍ എന്നിവര്‍ക്കെതിരെ കേസെടുത്ത് ഉടനടി അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചിരുന്നു. 

സമരക്കാര്‍ പൊതുസ്ഥലങ്ങളില്‍ കൂട്ടംകൂടാതിരിക്കാന്‍ പോലീസ് ശ്രദ്ധ ചെലുത്തും. ആവശ്യമെങ്കില്‍ കരുതല്‍ തടങ്കലിനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവന്‍ പോലീസ് സേനാംഗങ്ങളെയും ക്രമസമാധാനപാലത്തിനായി നിയോഗിക്കും. ജില്ലാ പോലീസ് മേധാവിമാരുടെ നിയന്ത്രണത്തിലുളള സുരക്ഷാക്രമീകരണങ്ങളുടെ മേല്‍നോട്ട ചുമതല റേഞ്ച് ഡി.ഐ.ജിമാര്‍, സോണല്‍ ഐ.ജിമാര്‍, ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എന്നിവര്‍ക്കാണ്.

Other News