പോസ്റ്റല്‍ ബാലറ്റ് ക്രമക്കേടില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി


JUNE 18, 2019, 4:05 PM IST

കൊച്ചി: പോസ്റ്റല്‍ ബാലറ്റ് ക്രമക്കേട് സംബന്ധിച്ച് രജിസ്റ്റര്‍ ചെയ്ത കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം തുടരട്ടെയെന്ന് ഹൈക്കോടതി. അന്വേഷണ സംഘം ആവശ്യപ്പെട്ട രേഖകള്‍ കൈമാറാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ട രേഖകള്‍ ലഭ്യമായില്ലെന്നായിരുന്നു ക്രൈംബ്രാഞ്ച് നിലപാട്.

പോസ്റ്റല്‍ ബാലറ്റ് അട്ടിമറിയില്‍ ഇടപെടലാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ട രേഖകള്‍ നല്‍കുന്നത് വോട്ടെടുപ്പിന്റെ രഹസ്യ സ്വഭാവത്തെ ബാധിക്കുമെന്ന ആശങ്കയുണ്ടെന്ന് കമ്മീഷന്‍ നിലപാട് സ്വീകരിച്ചു. എന്നാല്‍ കോടതി നിര്‍ദേശപ്രകാരമുള്ള രേഖകള്‍ കൈമാറാം.

ഉദ്യോഗസ്ഥരോട് അന്വേഷണ സംഘവുമായി സഹകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ അറിയിച്ചു. രേഖകള്‍ ലഭിക്കാതെ അന്വേഷണം പൂര്‍ത്തിയാക്കാനാവില്ലെന്നാണ് ക്രൈംബ്രാഞ്ച് നിലപാട്. ഇതേത്തുടര്‍ന്ന് അന്തിമ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് സാവകാശം തേടിയിരുന്നു.

അന്വേഷണം തുടരട്ടെയെന്നും ആവശ്യമായ രേഖകള്‍ കൈമാറാന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും കോടതി വ്യക്തമാക്കി. ഹര്‍ജി 3 ആഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും. ഇടത് അനുകൂല പോലീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ പോസ്റ്റല്‍ ബാലറ്റില്‍ വ്യാപക ക്രമക്കേട് നടന്നുവെന്നും സ്വതന്ത്ര കമ്മീഷനെ വെച്ച് അട്ടിമറി അന്വേഷിക്കണമെന്നുമാണ് പ്രതിപക്ഷ നേതാവിന്റെ ഹര്‍ജിയിലെ ആവശ്യം.

Other News