ബിജെപിയുടെ ലക്ഷ്യം ക്രിസ്ത്യാനികള്‍ക്കിടയില്‍ ഇസ്ലാംവിരോധം വളര്‍ത്തല്‍-പ്രകാശ് കാരാട്ട്


SEPTEMBER 24, 2021, 12:14 PM IST

തിരുവനന്തപുരം: പാലാ ബിഷപ്പിന്റെ വിവാദ പ്രസ്താവനയുടെ മറവില്‍ ക്രിസ്തീയവിഭാഗങ്ങളെ ഭിന്നിപ്പിക്കാനും മുസ്ലിംവിരോധം വളര്‍ത്താനുമാണ് ബിജെപി ശ്രമിക്കുന്നതെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. ബിജെപിയുടെയും ആര്‍എസ്എസിന്റെയും ഗൂഢലക്ഷ്യം ക്രിസ്തന്‍ സംഘടനകളും മതനേതാക്കളും മനസിലാക്കണമെന്നും പ്രകാശ് കാരാട്ട് ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ പറഞ്ഞു.

ബിജെപിയും ആര്‍എസ്എസും യോജിപ്പോടെയുള്ള സഹവര്‍ത്തിത്വത്തിലും ഇടപെടലുകളിലും വിള്ളലുണ്ടാക്കാന്‍ ശ്രമിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് കത്തോലിക്കാ സഭയുടെ ഭാഗമായ സിറോ മലബാര്‍ സഭയുടെ പാലാ ബിഷപ് ജോസഫ് കല്ലറങ്ങാട്ട് നടത്തിയ പ്രസംഗത്തെ കാണേണ്ടത്. ജിഹാദികള്‍ അമുസ്ലിംകളെ നശിപ്പിക്കാന്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നുവെന്ന ബിഷപിന്റെ ആരോപണം സ്വാഭാവികമായും കേരളസമൂഹത്തില്‍ ആശങ്കയും സംശയവും ഉളവാക്കിയിട്ടുണ്ടെന്നും കാരാട്ട് ലേഖനത്തില്‍ പറയുന്നു.

രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേതുപോലെ കേരളത്തിലും മയക്കുമരുന്ന് മാഫിയകളും അവരുടെ കണ്ണികളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഏതെങ്കിലും തീവ്രവാദ മതസംഘടനകള്‍ക്കുമേല്‍ ഇത് ചുമത്തുന്നത് തികച്ചും തെറ്റാണ്. അത്തരത്തിലൊരു ബന്ധത്തിന് തെളിവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിട്ടുണ്ട്.

'ജിഹാദികളുടെ ഗൂഢാലോചന' എന്ന വാദം രാഷ്ട്രീയവൃത്തങ്ങള്‍ തള്ളിക്കളഞ്ഞപ്പോള്‍, ബിഷപ്പിന്റെ നിലപാടിനെ പിന്തുണയ്ക്കാന്‍ ബിജെപി മുന്നോട്ടുവന്നു. ജിഹാദികളുടെ പ്രവര്‍ത്തനത്തിനെതിരെ നിയമം കൊണ്ടുവരാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്തു. മുസ്ലിം, ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയില്‍ വിള്ളല്‍ വീഴ്ത്താനും ഇസ്ലാമോഫോബിയ ഇളക്കിവിടാനും ബിജെപി ഇതിനെ നല്ല അവസരമാക്കി മാറ്റി.

കത്തോലിക്കാ സഭ ബിജെപി-യുടെയും ആര്‍എസ്എസിന്റെയും യഥാര്‍ഥ സ്വഭാവം  മനസ്സിലാക്കണം. ഹിന്ദുത്വ ശക്തികള്‍ മതന്യൂനപക്ഷങ്ങള്‍ക്കെതിരെ അത് മുസ്ലിങ്ങളായാലും ക്രൈസ്തവരായാലും നിരന്തരമായ പ്രചാരണം നടത്തുകയാണ്. നിരന്തരം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ ബിജെപിയും-ആര്‍എസ്എസും ശ്രമിക്കുകയാണ്.

മേഖലയിലും വര്‍ഗീയവും ഭിന്നിപ്പിക്കുന്നതുമായ ശക്തികളെ ചെറുക്കാനും മതസൗഹാര്‍ദം സംരക്ഷിക്കുന്നതിനുമുള്ള പ്രധാന കടമ നിറവേറ്റേണ്ടത് ഇടതുപക്ഷവും ജനാധിപത്യശക്തികളുമാണെന്നും ഇതിനായി സിപിഎം മുന്നിട്ടിറങ്ങുമെന്നും കാരാട്ട് ലേഖനത്തില്‍ പറയുന്നു.

Other News