വിദ്യാര്‍ത്ഥികളോട് മര്‍ക്കട മുഷ്ടി ;  ബസ് കണ്ടക്ടര്‍ക്ക് കളക്ടര്‍ ശിക്ഷ വിധിച്ചു


JULY 25, 2019, 5:24 PM IST

മലപ്പുറം: ബസില്‍ യാത്ര ചെയ്ത കുട്ടികളോട് സഹാനുഭൂതിയില്ലാതെ പെരുമാറിയ കണ്ടക്ടര്‍ക്ക് ശിക്ഷ നല്‍കി ജില്ല കളക്ടര്‍.

മലപ്പുറം ജില്ലയിലാണ് സംഭവം. മഞ്ചേരി - പരപ്പനങ്ങാടി റൂട്ടില്‍ ചൊവ്വാഴ്ച വൈകുന്നേരമാണ് വിദ്യാര്‍ത്ഥിയെ സഹോദരനൊപ്പം ബസ് സ്റ്റോപ്പില്‍ ഇറക്കാതിരുന്നത്.

ഇക്കാര്യത്തില്‍ നടപടി സ്വീകരിച്ചതതായി മലപ്പുറം ജില്ല കളക്ടര്‍ ജാഫര്‍ മാലിക് കളക്ടറുടെ ഫേസ്ബുക്ക് പേജിലൂടെയാണ് അറിയിച്ചത്.കുട്ടികളോട് ബസിലെ കണ്ടക്ടര്‍ സഹാനുഭൂതിയില്ലാതെ പെരുമാറിയ സാഹചര്യത്തില്‍ ഇയാള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കിയെന്നും കളക്ടര്‍ വ്യക്തമാക്കി. ബസ് കണ്ടക്ടര്‍ ഇനിയുള്ള 10 ദിവസം രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ തവനൂര്‍ ശിശുഭവനില്‍ കെയര്‍ടേക്കറായി ജോലി ചെയ്യുന്നതിന് ഉത്തരവ് നല്‍കിയതായും ഇതിനു ശേഷം സൂപ്രണ്ട് നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും അനന്തര നടപടികള്‍ കൈക്കൊള്ളുകയെന്നും അദ്ദേഹം അറിയിച്ചു.

ശിശുഭവനിലെ കുഞ്ഞുങ്ങളുമായി ഇടപഴകി പത്തുദിവസങ്ങള്‍ക്കുശേഷം കുഞ്ഞുങ്ങളെ സ്‌നേഹിക്കുകയും അവരുടെ വികാരങ്ങള്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്ന ഒരു ബസ് ജീവനക്കാരനായി ഇദ്ദേഹം തിരിച്ചുവരുമെന്ന് പ്രത്യാശിക്കാമെന്നും കളക്ടര്‍ അറിയിച്ചു.

Other News