പ്രിയദര്‍ശന്റെ മൃതദേഹം കിട്ടിയത് ബൈക്കിലിരിക്കുന്ന നിലയിൽ;  കവളപ്പാറയിൽ നടുക്കുന്ന കാഴ്‌ചകൾ 


AUGUST 14, 2019, 2:37 AM IST

നിലമ്പൂർ : ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായി ദിവസങ്ങൾ പിന്നിടുമ്പോഴും നടുക്കുന്ന വാസ്‌തവങ്ങളാണ് കവളപ്പാറയിൽ നിന്ന് ഓരോ നിമിഷവും പുറത്തുവരുന്നത്. കവളപ്പാറയില്‍ താമസിച്ചിരുന്ന താന്നിക്കല്‍ പ്രിയദര്‍ശന്റെ മൃതദേഹം കഴിഞ്ഞ ദിവസം കണ്ടെത്തിയത് ഹെൽമെറ്റും മഴക്കോട്ടും ധരിച്ച്‌ ബൈക്കിലിരിക്കുന്ന നിലയിലായിരുന്നു. 

ബൈക്കില്‍ നിന്നിറങ്ങാനുള്ള സമയം പോലും മണ്ണിടിച്ചില്‍ പ്രിയദര്‍ശന് നല്‍കിയില്ല. സമീപത്തെ വീട്ടിലെ സുഹൃത്തിനൊപ്പം സംസാരിച്ചുകൊണ്ടിരുന്ന പ്രിയദര്‍ശന്‍ ഉരുള്‍പൊട്ടലിന് നിമിഷങ്ങള്‍ക്കു മുമ്പാണ് ബൈക്കില്‍ വീട്ടിലെത്തിയത്. കുറച്ച്‌ കഴിഞ്ഞ് പോകാമെന്ന് സുഹൃത്ത് പറഞ്ഞതാണ്. അമ്മയെക്കണ്ട് ഒരു കാര്യം പറഞ്ഞിട്ട് ഇപ്പോള്‍ തിരികെ വരാമെന്ന് പറഞ്ഞാണ് പ്രിയദര്‍ശന്‍ പോയത്. 

സിറ്റൗട്ടിന് സമീപം നിറുത്തിയിട്ടിരുന്ന കാറിനും വീടിനും ഇടയിലുള്ള സ്ഥലത്ത് ബൈക്ക് വയ്‌ക്കുന്നതിനിടെയായിരുന്നു ഉരുള്‍പൊട്ടിയത്. ബൈക്കില്‍ നിന്ന് ഇറങ്ങാൻ പോലും സാവകാശം ആ യുവാവിന് പ്രകൃതി അനുവദിച്ചില്ല.29കാരനായ പ്രിയദര്‍ശന്‍ അവിവാഹിതനാണ്. നിലമ്പൂര്‍ സ്കെെ ഗ്രാഫിക്‌സിലെ ഡിസെെനറായിരുന്നു.

പ്രിയദര്‍ശന്റെ അമ്മയും അമ്മയുടെ അമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. അമ്മ രാഗിണിയുടെ മൃതദേഹം ഞായറാഴ്‌ച കണ്ടെത്തി. അമ്മൂമ്മയ്‌ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നു.പ്രിയദര്‍ശന്റെ മൂത്ത സഹോദരനും ഭാര്യയും അടുത്താണ് താമസം. അവര്‍ക്ക് കുഴപ്പമൊന്നുമില്ല.

അപ്രതീക്ഷിതമായ ദുരന്തത്തിന്‍റെ ആഴവും പരപ്പും ഇനിയും അറിയാനോ കണക്കുകൂട്ടാനോ ഉൾക്കൊള്ളാനോ കവളപ്പാറക്കാര്‍ക്കും  രക്ഷാപ്രവര്‍ത്തകരുൾപ്പെടെ മറ്റുള്ളവർക്കും കഴിയുന്നില്ല.കവളപ്പാറ സ്വദേശി പ്രിയദര്‍ശന്റെ  മരണവാര്‍ത്ത.

Other News