രാഹുല്‍ വിഷയം: കേരളത്തിലും പ്രതിഷേധം; വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറെന്ന് കെ. സുധാകരന്‍ 


MARCH 25, 2023, 6:16 AM IST

തിരുവനന്തപുരം/കൊച്ചി: അപകീര്‍ത്തിക്കേസില്‍  സൂറത്ത് കോടതി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധങ്ങളില്‍ സംഘര്‍ഷം. കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ച് വന്‍ സംഘര്‍ഷത്തില്‍ കലാശിച്ചു.

തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു പ്രവര്‍ത്തകര്‍ രാജ്ഭവന് മുന്നില്‍ പ്രതിഷേധിച്ചു. പ്രതിഷേധക്കാര്‍ ബാരിക്കേഡിന് മുകളില്‍ കയറിയതോടെ ജലപീരങ്കി പ്രയോഗിച്ചു.

പൊലീസ് ലാത്തി വീശി. സംഘര്‍ഷത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പന്തം കൊളുത്തിയെത്തിയ പ്രവര്‍ത്തകരെ പൊലീസ് തടയുകയായിരുന്നു. മൂന്നു തവണയാണ് പ്രതിഷേധക്കാര്‍ക്ക് നേരെ ജല പീരങ്കി പ്രയോഗിച്ചത്.

വയനാട് ജില്ലാ ആസ്ഥാനമായ കല്‍പ്പറ്റയില്‍ പാര്‍ട്ടി സംസ്ഥാന വൈസ് പ്രസിഡന്റും സ്ഥലം എംഎല്‍എയുമായ ടി സിദ്ദിഖിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയും ബിഎസ്എന്‍എല്‍ ഓഫീസ് ഉപരോധിച്ചും പ്രതിഷേധിച്ചു. സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി, മുക്കം എന്നീ നിയോജക മണ്ഡലത്തിന്റെ മറ്റു ഭാഗങ്ങളിലും പ്രതിഷേധ മാര്‍ച്ചുകള്‍ നടന്നു. പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു.

ആലുവയില്‍ നരേന്ദ്ര മോഡിക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചു. മോഡിയുടെ ചിത്രം കത്തിച്ചായിരുന്നു പ്രതിഷേധം. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയതില്‍ ആലപ്പുഴയിലും പ്രതിഷേധം നടന്നു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലപ്പുഴ ബൈപ്പാസ് ഉപരോധിച്ചു. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് എസ് ഷെഫീക്കിന്റെ നേതൃത്വത്തില്‍ കൊമ്മാടിയിലായിരുന്നു ഉപരോധം.

ബൈപ്പാസില്‍ പതിനഞ്ച് മിനിറ്റോളം ഗതാഗതം സ്തംഭിച്ചു. പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 എറണാകുളത്ത് കെ. എസ് യു പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തി. എറണാകുളം ഡിസിസി ഓഫീസില്‍ നിന്നും സൗത്ത് റെയില്‍ വേ സ്റ്റേഷന്‍ വരെയാണ് മാര്‍ച്ച്. കെ. എസ്. യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാര്‍ച്ച്.

പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിനിടെ വയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിന് തയ്യാറാണെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു.

ഉപതെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് ഭയപ്പെടുന്നില്ലെന്ന് കെ. സുധാകരന്‍ പറഞ്ഞു. അവര്‍ എപ്പോള്‍ വേണമെങ്കിലും ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കട്ടെ. അതിനെതിരെ പോരാടാന്‍ ഞങ്ങള്‍ തയ്യാറാണ്. രാജ്യം ആരു ഭരിക്കണമെന്ന് ജനങ്ങള്‍ തീരുമാനിക്കട്ടെ. തെരഞ്ഞെടുപ്പിനുള്ള സാഹചര്യം സൃഷ്ടിക്കപ്പെട്ടാല്‍ ജനങ്ങള്‍ അത് ഉപയോഗിക്കുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്. ജനങ്ങള്‍ക്ക് മുന്നില്‍ പാര്‍ട്ടി പരാജയപ്പെടില്ലെന്ന് കോണ്‍ഗ്രസിന് ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

രാഹുലിനെ ലോക്സഭയില്‍ നിന്ന് അയോഗ്യനാക്കിയത് തിടുക്കപ്പെട്ടതും രാഷ്ട്രീയപ്രേരിതവുമായ തീരുമാനമാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എയും പ്രതിപക്ഷ നേതാവുമായ വി ഡി സതീശന്‍ പറഞ്ഞു. തീരുമാനത്തെ രാഷ്ട്രീയമായും നിയമപരമായും പാര്‍ട്ടി നേരിടും. സൂറത്ത് കോടതിയുടെ വിധി അന്തിമമല്ല. കോണ്‍ഗ്രസ് ജനാധിപത്യത്തിലും നിയമവാഴ്ചയിലും വിശ്വസിക്കുന്നു. ഈ അയോഗ്യത കൊണ്ട് കോണ്‍ഗ്രസിനെയോ രാഹുലിനെയോ നിശ്ശബ്ദരാക്കാന്‍ കഴിയില്ല, ''അദ്ദേഹം പറഞ്ഞു.

Other News