യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തിയ എസ്.എഫ്.ഐക്കാർക്ക് പി.എസ്.സി ഉടൻ നിയമനം നൽകില്ല


JULY 15, 2019, 5:53 PM IST

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിൽ വിദ്യാർത്ഥിയെ കുത്തികൊലപ്പെടുത്താൻ ശ്രമം നടത്തിയ പ്രതികളുടെ ജോലി നിയമന നടപടികൾ മാറ്റിവക്കുമെന്ന് പി.എസ്.സി ചെയർമാൻ എം.കെ സക്കീർ. സംഭവത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പി.എസ്.സി വിജിലൻസ് അന്വേഷിക്കുമെന്നും തിരുവനന്തപുരത്ത് നടന്ന വാർത്താ സമ്മേളനത്തിൽ പി.എസ്.സി ചെയർമാൻ പറഞ്ഞു.

നേരത്തെ പ്രതികളായവർ പി.എസ്.സി കോൺസ്റ്റബിൾ ലിസ്റ്റില് ഉൾപ്പെട്ടത് സംശയാസ്പദമാണെന്നും അന്വേഷണം വേണമെന്നും പ്രതിപക്ഷ കക്ഷി നേതാവ് രമേശ് ചെന്നിത്തലയും മുൻ ഡി.ജി.പി ടി.പി സെൻകുമാറും ആവശ്യപ്പെട്ടിരുന്നു.

അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ശിവരഞ്ചിത് റാങ്ക് പട്ടികയിൽ ഒന്നാമനും രണ്ടാം പ്രതി നസീം 28 റാങ്കുകാരനുമാണ്. യൂണിവേഴ്‌സിറ്റി കോളജിലെ മറ്റൊരു എസ്. എഫ്. ഐ നേതാവ് പി.പി. പ്രണവിനാണ് രണ്ടാം റാങ്ക്. ഇവർ മൂവരും യൂണിവേഴ്‌സിറ്റി കോളജിൽ തന്നെയാണ് പരീക്ഷ എഴുതിയതെന്നായിരുന്നു പ്രധാന ആക്ഷേപം. എന്നാൽ ഹാൾ ടിക്കറ്റ് പുറത്ത് വതോടെ ഇത് ശരിയല്ലെന്ന് വ്യക്തമായി. നസീം തൈക്കാട് സർക്കാർ കൊളജിലും പ്രണവ് ആറ്റിങ്ങലുമാണ് എഴുതിയത്. കാസർകോഡ് അപേക്ഷ നൽകിയ ഇവർക്ക് സ്വാധീനം ഉപയോഗിച്ചാണോ തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രം അനുവദിച്ചതെന്ന ചോദ്യത്തിന് പരീക്ഷാ കേന്ദ്രങ്ങൾ അനുവദിച്ചതിൽ ക്രക്കേട് നടന്നിട്ടില്ലെന്ന് പി.എസ്.സി ചെയർമാൻ പ്രതികരിച്ചു.യൂണിവേഴ്‌സിറ്റി കോളേജ് സംഭവവത്തിൽ ആരോപണവിധേയരായവർ കാസർകോട് ജില്ലയിലാണ് അപേക്ഷിച്ചിരുന്നത്. എന്നാൽ പരീക്ഷയ്ക്ക് തിരുവന്തപുരമാണ് തിരഞ്ഞെടുത്തിരുന്നത്. അതുകൊണ്ടാണ് തിരുവനന്തപുരത്ത് പരീക്ഷാ കേന്ദ്രം ലഭിച്ചത്. പരീക്ഷാ കേന്ദ്രം മാറ്റി എന്ന വിധത്തിലുള്ള ആരോപണങ്ങൾക്ക് അടിസ്ഥാനമില്ല. ചെയർമാൻ പറഞ്ഞു.

പ്രതികളായവരുടെ രജിസ്റ്റർ നമ്പറുകൾ അടുത്തടുത്ത് വരുന്ന സാഹചര്യമുണ്ടായിട്ടില്ല. പി.എസ്.സിയുടെ ഭാഗത്തുനിന്ന് ഇവർക്കുവേണ്ടി ഒരു വിധത്തിലുള്ള മാറ്റങ്ങളും നടത്തിയിട്ടില്ലെന്നും പി.എസ്.സിയുടെ വിശ്വാസ്യത തകർക്കുന്ന പ്രചാരണങ്ങൾ നടത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Other News