പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്ത് പി ടി തോമസും പ്രവര്‍ത്തകരും


APRIL 7, 2021, 9:09 PM IST

കൊച്ചി: തെരഞ്ഞെടുപ്പിന്റെ പിറ്റേന്നു തന്നെ തൃക്കാക്കര നിയോജക മണ്ഡലത്തിലെ യു ഡി എഫ് പ്രചാരണ സാമഗ്രികള്‍ സ്ഥാനാര്‍ഥി പി ടി തോമസും പ്രവര്‍ത്തകരും ചേര്‍ന്ന് നീക്കിത്തുടങ്ങി. ഹരിത പ്രോട്ടോകോള്‍ പാലിച്ചാണ് ഒരു ദിനം പോലും വൈകാതെ തെരഞ്ഞെടുപ്പ് പ്രചാരണ സാമഗ്രികള്‍ നീക്കാന്‍ ആരംഭിച്ചത്. പനമ്പള്ളി നഗറിലെ പരസ്യ ബോര്‍ഡുകള്‍ അഴിച്ചു മാറ്റി സ്ഥാനാര്‍ഥി പി ടി തോമസാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിലും വോട്ടെടുപ്പിനുശേഷം പി ടി തോമസും യു ഡി എഫ് പ്രവര്‍ത്തകരും ചേര്‍ന്ന് മുഴുവന്‍ പ്രചാരണ സാമഗ്രികളും നീക്കം ചെയ്ത് മാതൃക കാട്ടിയിരുന്നു.

രണ്ടാഴ്ചക്കുള്ളില്‍ മണ്ഡലത്തിലെ യു ഡി എഫിന്റെ എല്ലാ പ്രചാരണവും നീക്കുമെന്ന് യു ഡി എഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ് അലക്സ് പറഞ്ഞു. ബോര്‍ഡുകളും ബാനറുകളും കട്ടൗട്ടുകളും മറ്റും തിരിച്ചെടുത്തു കൊണ്ടുപോകുന്നതിനൊപ്പം പോസ്റ്ററുകളും നീക്കും. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ സേവ്യര്‍ തായങ്കേരി, അബ്ദുല്‍ ലത്തീഫ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ ജോഷി പള്ളന്‍, നൗഷാദ് പല്ലച്ചി, കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ അഞ്ജന രാജേഷ്, മുന്‍ കൗണ്‍സിലര്‍ ജോണ്‍സണ്‍ പാട്ടത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.