വാഹനങ്ങള്‍ക്ക് ഇന്ധനം നിഷേധിച്ച പമ്പുകള്‍സൈന്യം പിടിച്ചെടുത്തു ഫുള്‍ ടാങ്ക് അടിച്ചു


AUGUST 12, 2019, 11:26 AM IST

കല്‍പ്പറ്റ : വയനാട്ടില്‍ രക്ഷാ പ്രവര്‍ത്തനത്തിനെത്തിയ സൈനിക വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കാന്‍ പമ്പുടമകള്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പമ്പുകള്‍ സൈന്യം പിടിച്ചെടുത്ത് വാഹനങ്ങളില്‍ ഇന്ധനം നിറച്ചു. 

സുല്‍ത്താന്‍ ബത്തേരിയിലെ മൂന്ന് പമ്പുകളാണ് വാഹനങ്ങള്‍ക്ക് ഡീസല്‍ നല്‍കാന്‍ തയാറാകാതിരുന്നത്. ഒടുവില്‍ ദുരന്ത നിവാരണത്തില്‍ സേനക്കുള്ള പ്രത്യേക അധികാരമുപയോഗിച്ച് സൈന്യം പമ്പുകള്‍ കസ്റ്റഡിയിലെടുത്തു.പണം ലഭിക്കുന്നതിന് ഗ്യാരണ്ടി ഇല്ലെന്നും റവന്യൂ വകുപ്പ് രസീത് നല്‍കിയിട്ടില്ലെന്നും പറഞ്ഞാണ് പമ്പുടമകള്‍ ഇന്ധനം നനിഷേധിച്ചത്. ഇന്ധനത്തിനായി രണ്ട് തവണ സൈനിക ഉദ്യോഗസ്ഥര്‍ സംസാരിച്ചെങ്കിലും ഉടമകള്‍ വഴങ്ങിയില്ല. ഇതേത്തുടര്‍ന്നാണ് സൈന്യം പെട്രോള്‍ പമ്പുകള്‍ കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് വാഹനങ്ങളില്‍ ഫുള്‍ ടാങ്ക് ഇന്ധനമടിച്ച ശേഷമാണ് സൈന്യം ദുരന്ത മേഖലകളിലേക്കു പോയത്.കാലാവസ്ഥയും ഭൂപ്രകൃതിയും പരിഗണിച്ച്  ഓഫ് റോഡിലും സഞ്ചരിക്കാന്‍ കഴിയുന്ന വാഹനങ്ങളുമായാണ്  വയനാട്ടിലെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യമെത്തിയത്.