ആള്‍ക്കൂട്ട ആക്രമണം അനുവദിക്കില്ല: തമിഴ് ദമ്പതികളെ മര്‍ദിച്ച സംഭവത്തില്‍ കര്‍ശന നടപടി:  മന്ത്രി കെ.കെ ശൈലജ


JULY 23, 2019, 3:48 PM IST

തിരുവനന്തപുരം:  വയനാട്ടില്‍ കമ്പിളി വില്‍പ്പനക്കാരായ തമിഴ് ദമ്പതികളെ ക്രൂരമായി മര്‍ദ്ദിച്ച  സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചര്‍.

ഈ സംഭവം അത്യന്തം വേദനാജനകമാണെന്ന് മന്ത്രി പറഞ്ഞു.ഇതുപോലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ സമൂഹ മനസാക്ഷി ഉണരേണ്ടതാണ്. ഉത്തരേന്ത്യയില്‍ കാണുന്നതു പോലെയുള്ള ആള്‍ക്കൂട്ട ആക്രമണം സ്ത്രീകള്‍ക്ക് നേരെ നടക്കുന്നത് സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്ത് ഇത്രയേറെ പുരോഗതി നേടിയ കേരളത്തിന് ഒട്ടും ഭൂഷണമല്ല.

Read this..വയനാട് അമ്പല വയലില്‍ തമിഴ് ദമ്പതികള്‍ക്ക് കോണ്‍ഗ്രസ് നേതാവായ ടിപ്പര്‍ ഡ്രൈവറുടെ ക്രൂരമര്‍ദനം

ഇത്തരം സംഭവങ്ങള്‍ ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല എന്നും ശൈലജ ടീച്ചര്‍ വ്യക്തമാക്കി. സംഭവത്തില്‍ വനിതാ കമ്മീഷന്‍ കേസ് എടുത്തിട്ടുണ്ട്. ഈ ദമ്പതികള്‍ക്ക് വനിത ശിശുവികസന വകുപ്പിന്റെ എല്ലാ പിന്തുണയും അറിയിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

ഞായറാഴ്ച രാത്രി അമ്പലവയല്‍ ടൗണില്‍ വച്ച് തമിഴ്നാട് സ്വദേശികളായ യുവതിയേയും യുവാവിനെയും സജീവാനന്ദന്‍ എന്ന പ്രദേശിക കോണ്‍ഗ്രസ് നേതാവ്
ക്രൂരമായി മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ വൈറലായതോടെയാണ് സംഭവം വിവാദമായത്. മര്‍ദനമേറ്റവരെയും സജീവാനന്ദിനെയും നാട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചെങ്കിലും യുവാവും യുവതിയും പരാതി നല്‍കാന്‍ തയ്യാറായില്ല.

തുടര്‍ന്ന് പൊലീസ് കേസെടുക്കാതെ പ്രതിയെ വിട്ടയക്കുകയായിരുന്നു.

Other News