രാഹുല്‍ ഗാന്ധി ഞായറാഴ്ച കേരളത്തിലെത്തും; വയനാട്ടിലെയും മലപ്പുറത്തെയും ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിക്കും


AUGUST 10, 2019, 11:37 AM IST

തിരുവനന്തപുരം: രാഹുല്‍ ഗാന്ധി ഞായറാഴ്ച കേരളത്തിലെത്തും.  വൈകീട്ട് മൂന്ന് മണിയോടെ കോഴിക്കോട് എത്തുന്ന രാഹുല്‍ ഗാന്ധി വയനാട്, മലപ്പുറം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. കനത്തമഴ ഏറ്റവും അധികം ബാധിച്ചത് വയനാട് മലപ്പുറം ജില്ലകളെയാണ്.

രാഹുല്‍ സന്ദര്‍ശനത്തിനെത്തുന്ന കാര്യം കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമാണ് മാധ്യമങ്ങളെ അറിയിച്ചത്.വയനാട്ടില്‍ വലിയ ദുരന്തമുണ്ടായിട്ടും രാഹുല്‍ ഗാന്ധി എത്താത്തത് വലിയ വിമര്‍ശനങ്ങള്‍ക്കും ആക്ഷേപങ്ങള്‍ക്കും ഇടയാക്കിയിരുന്നു. വയനാട് സന്ദര്‍ശിക്കാനുള്ള സന്നദ്ധത രാഹുല്‍ അറിയിച്ചിരുന്നെങ്കിലും സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാര്‍ രാഹുലിന്റെ സന്ദര്‍ശനത്തിന് അനുമതി നല്‍കിയില്ല. വൈകീട്ട് മൂന്ന് മണിയോടെ കോഴിക്കോട് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തുന്ന രാഹുല്‍ ആദ്യം മലപ്പുറം ജില്ലയാകും സന്ദര്‍ശിക്കുക. തുടര്‍ന്ന് വയനാടില്‍ ദുരന്തം വിതച്ച മേപ്പാടി ഉള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ സന്ദര്‍ശിക്കും. മലപ്പുറം, വയനാട് കളക്ട്രേറ്റുമായി കേന്ദ്രീകരിച്ച് രാഹുല്‍ ഗാന്ധിയുടെ സന്ദര്‍ശന പ്രവര്‍ത്തനം ചര്‍ച്ച ചെയ്യും.