നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി ദിലീപിന്റെ വീട്ടില്‍ പൊലീസ് പരിശോധന


JANUARY 13, 2022, 3:59 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ മുഖ്യപ്രതി ദിലീപിന്റെ വീട്ടില്‍ പൊലീസ് പരിശോധന. ആലുവയിലെ വീട്ടിലാണ് ക്രൈം ബ്രാഞ്ചിന്റെ നേതൃത്വത്തില്‍ റെയ്ഡ് പുരോഗമിക്കുന്നത്. പരിശോധനയ്ക്കായി ക്രൈം ബ്രാഞ്ച് സംഘമെത്തിയപ്പോള്‍ വീട് അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് ദിലീപിന്റെ സഹോദരി സ്ഥലത്തെത്തി വീട് തുറന്ന് കൊടുക്കുകയായിരുന്നു. കോടതിയുടെ അനുമതിയോടെയാണ് പരിശോധനയെന്ന് പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കി.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയ കേസുമായി ബന്ധപ്പെട്ടാണ് പുതിയ നടപടിയെന്നാണ് ലഭിക്കുന്ന വിവരം. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. ദിലീപും സഹോദരന്‍ അനൂപുമടക്കം ആറ് പേരാണ് കേസിലെ പ്രതികള്‍. കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി നാളെ പരിഗണിക്കും.

അതേസമയം, ദിലീപിനെതിരെ പുതിയ വെളിപ്പെടുത്തലുകള്‍ നടത്തിയ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴി ഇന്നലെ രേഖപ്പെടുത്തി. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് മൊഴി രേഖപ്പെടുത്തിയത്. മൊഴി രേഖപ്പെടുത്തല്‍ ഏകദേശം ഏഴ് മണിക്കൂറോളം നീണ്ടുനിന്നു. 51 പേജുകളിലായാണ് മൊഴി രേഖപ്പെടുത്തിയിട്ടുളളത്. വിവരങ്ങള്‍ വെളിപ്പെടുത്താന്‍ വൈകിയതിന്റെ കാരണവും കോടതിയ ബോധ്യപ്പെടുത്തിയതായി സംവിധായകന്‍ പറഞ്ഞു.

പൊലീസ് ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ഗൂഢാലോചന നടത്തിയതുള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകളാണ് ബാലചന്ദ്രകുമാര്‍ നടത്തിയത്. ഇതിന് പിന്നാലെ ബാലചന്ദ്രകുമാറിനെ ദിലീപിനൊപ്പം ഒന്നില്‍കൂടുതല്‍ തവണ കണ്ടിട്ടുള്ള കാര്യം പ്രതികളിലൊരാളായ സുനില്‍ കുമാറും വ്യക്തമാക്കിയിരുന്നു. ദിലീപും സുനില്‍ കുമാറും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ വിഐപി വഴിയാണ് ദിലീപിന് കൈമാറിയെന്നതുമാണ് സംവിധായകന്റെ പ്രധാന ആരോപണം

Other News