മഴയുടെ ശക്തി കുറയുന്നു; റെഡ് അലെര്‍ട്ട് ഒഴിവായി; ആറു ജില്ലകളില്‍ ഓറഞ്ച് അലെര്‍ട്ട്  മാത്രം


AUGUST 12, 2019, 11:37 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ഏതാനും ദിവസമായി തീവ്രമായി പെയ്ത മഴയുടെ ശക്തി കുറയുന്നു. അതേ സമയം വടക്കന്‍ കേരളത്തില്‍ ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ട് എവിടെയുമില്ല. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്.ഉരുള്‍പൊട്ടലുണ്ടായ മലപ്പുറം കവളപ്പാറയിലും വയനാട് പുത്തുമലയിലും ഇന്നും രക്ഷാപ്രവര്‍ത്തനം തുടരും. കവളപ്പാറയില്‍ ഇനി അന്‍പതുപേരെയാണ് കണ്ടെത്താനുള്ളത്. പുത്തുമലയില്‍ ഏഴുപേരെയും. രണ്ടിടത്തും മഴ കുറഞ്ഞത് തിരച്ചിലിന് സഹായമാകും.

സംസ്ഥാനത്ത് ഇതുവരെ 77 പേരാണ് മഴക്കെടുതികളില്‍ മരിച്ചത്. 1500 ദുരിതാശ്വാസ ക്യാംപുകളിലായി രണ്ടരലക്ഷം പേരാണുള്ളത്. ഇന്നുമുതല്‍ മഴയുടെ ശക്തി കുറയുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.പമ്പയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് കുട്ടനാട്ടില്‍ വെള്ളപ്പൊക്കം തുടരുകയാണ്. ആലപ്പുഴ, ചങ്ങനാശേരി പാതയില്‍ ഗതാഗതം പൂര്‍ണമായി തടസപ്പെട്ടു. അട്ടപ്പാടിയില്‍ ഭവാനി, ശിരുവാണി പുഴകളില്‍ ജലനിരപ്പ് കുറഞ്ഞു. ഇടുക്കിയിലെ പൊന്‍മുടി, കല്ലാര്‍ അണക്കെട്ടുകളുടെ ഷട്ടറുകള്‍ അടച്ചു. നാല് ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.

Other News