മഴകുറഞ്ഞു; ആശങ്കകളും; ദുരിതം തുടരുന്നു


AUGUST 11, 2019, 2:50 PM IST

കോഴിക്കോട്: സംസ്ഥാനത്ത് ഏതാനും ദിവസങ്ങളായി ശക്തമായി പെയ്ത മഴയ്ക്ക് ഞായറാഴ്ച ശമനം. മഴ ഒഴിഞ്ഞതോടെ പുഴകളിലെ ജലനിരപ്പും താഴുന്നുണ്ട്. പൂര്‍ണ്ണമായും മഴ മാറിയിട്ടില്ലെങ്കില്‍ പോലും സാവധാനത്തില്‍ മഴ പെയ്‌തൊഴിയുന്ന കാഴ്ചയാണ് നിലവില്‍ ഉള്ളത്.വയനാട്ടില്‍ മഴ മാറി നില്‍ക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മഴ ഏറെ നാശം വിതച്ച ജില്ലയാണ് വയനാട്. പലയിടത്തും മണ്ണിടിച്ചിലും ഉരുള്‍പ്പൊട്ടലും ഉണ്ടായിരുന്നു. ഇന്ന് മഴ മാറി നില്‍ക്കുന്നു എന്നത് ശുഭസൂചനയാണ്.മലപ്പുറത്തും മഴയ്ക്ക് ശമനമുണ്ട്. കവളപ്പാറയിലുണ്ടായ മണ്ണിടിച്ചിലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടിയായത് കഴിഞ്ഞ ദിവസങ്ങളില്‍ നിര്‍ത്താതെ പെയ്ത കനത്ത മഴയായിരുന്നു. ഇന്ന് മഴ മാറിയതോടെ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമായിട്ടുണ്ട്. കണ്ണൂരില്‍ മഴ മാറി ആകാശം തെളിഞ്ഞു.എറണാകുളം ജില്ലയിലും മഴ മാറി നില്‍ക്കുകയാണ്. ദിവസങ്ങള്‍ക്കു ശേഷം സൂര്യപ്രകാശം ഭൂമി തൊട്ട കാഴ്ചയാണ് ജില്ലയില്‍ കാണുന്നത്. കോഴിക്കോടും മഴയ്ക്ക് ശമനമുണ്ട്. എങ്കിലും വന മേഖലകളില്‍ മഴ പെയ്യുന്നുണ്ട്. മഴ പെയ്‌തൊഴിയുന്നു എന്ന സൂചന തന്നെയാണ് കോഴിക്കോടു നിന്നും ലഭിക്കുന്നത്.സംസ്ഥാനത്താകെ മഴ മാറുന്ന കാഴ്ചയാണ് കാണുന്നത്. ഇന്നും നാളെയുമായി മഴ പൂര്‍ണ്ണമായും ഒഴിയുമെന്നാണ് കണക്കുകൂട്ടല്‍.

Other News