കാലവര്‍ഷം ശക്തിപ്പെടുന്നു :  കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു


JUNE 11, 2019, 11:04 AM IST

തിരുവനന്തപുരം: കേരളത്തില്‍ ചൊവ്വാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഒന്‍പത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്.

അറബിക്കടലില്‍ ലക്ഷദ്വീപിനോട് ചേര്‍ന്ന് രൂപപ്പെട്ട ന്യൂന മര്‍ദം 12 മണിക്കൂറിനുള്ളില്‍ തീവ്രന്യൂന മര്‍ദമാകും. തുടര്‍ന്ന് ചുഴലിക്കാറ്റാകാന്‍ സാധ്യതയെന്നും മുന്നറിയിപ്പ്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് കര്‍ശന നിര്‍ദ്ദേശം. കാലവര്‍ഷക്കെടുതി നേരിടുന്നതിനായി താലൂക്ക് തലത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ ലഭിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ലക്ഷദ്വീപിനോട് ചേര്‍ന്ന് തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദം 12 മണിക്കൂറിനുള്ളില്‍ തീവ്ര ന്യൂന മര്‍ദമാകും. ഇത് ചുഴലിക്കാറ്റായി മാറുകയും കേരള, കര്‍ണാടക തീരങ്ങളില്‍ വീശാന്‍ സാധ്യതയുണ്ടെന്നുമാണ് മുന്നറിയിപ്പ്.

മണിക്കൂറില്‍ 40 മുതല്‍ 60 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശിയേക്കാം. വടക്ക് പടിഞ്ഞാറന്‍ ദിശയിലേക്ക് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് തുടര്‍ന്ന് കര്‍ണാടക തീരത്ത് നിന്നും ഗുജറാത്ത് തീരത്തേക്ക് നീങ്ങും. കാറ്റിന്റെ വേഗത മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വരെയാകും. ശക്തമായ കാറ്റിനും കടല്‍ ക്ഷോഭത്തിനും സാധ്യതയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

തെക്കന്‍ തീരങ്ങളില്‍ കടലാക്രമണം രൂക്ഷമായി തുടരുകയാണ്. നിലവില്‍ തെക്കന്‍ കേരളത്തില്‍ ശക്തമായ കാലവര്‍ഷം വടക്കന്‍ കേരളത്തിലും ലഭിക്കും.ബുധനാഴ്ച്ച മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജിലകളില്‍ ഓറഞ്ച് അലേര്‍ട്ടും, അഞ്ച് ജിലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു.

ബന്ധപ്പെട്ട സര്‍ക്കാര്‍ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകള്‍ നടത്താനും താലൂക്ക് തലത്തില്‍ കണ്ട്രോള്‍ റൂമുകള്‍ ആരംഭിക്കുവാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോരമേഖലയിലേക്കുള്ള യാത്ര ഒഴിവാക്കാനും വിനോദ സഞ്ചാരത്തിനായി ബീച്ചുകളില്‍ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്.