രമേശ് ചെന്നിത്തലയെ തെരഞ്ഞെടുപ്പുകളുടെ ചുമതലക്കാരനാക്കാന്‍ നീക്കം


OCTOBER 22, 2021, 7:56 AM IST

ന്യൂഡല്‍ഹി/തിരുവനന്തപുരം: എഐസിസി പുന: സംഘടന വൈകുന്നതിനാല്‍ രമേശ് ചെന്നിത്തലയെ തല്‍ക്കാലം തെരഞ്ഞെടുപ്പുകളുടെ ചുമതലക്കാരനാക്കാന്‍ കേന്ദ്ര നേതൃത്വം ആലോചിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഉത്തര്‍ പ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണിത്.

ചെന്നിത്തലയെ കോണ്‍ഗ്രസിന്റെ ജനറല്‍ സെക്രട്ടറി പദത്തിലേക്ക് കൊണ്ടുവരുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന സൂചനകള്‍. പുനസംഘടനാ നടപടികള്‍ വൈകുകയും അടുത്ത സെപ്തംബറിനുശേഷം അധ്യക്ഷ തെരഞ്ഞെടുപ്പ് മതിയെന്നുമുള്ള തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനായി ഒരുങ്ങുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം.

നിലവിലെ കോണ്‍ഗ്രസ് നേതാക്കളില്‍ 23 സംസ്ഥാനങ്ങളുടെ ചുമതല പല ഘട്ടങ്ങളിലായി വഹിച്ച നേതാവാണ് രമേശ് ചെന്നിത്തല. ദേശീയ രാഷ്ട്രീയത്തില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങിയെങ്കിലും വീണ്ടും ചെന്നിത്തലയുടെ സേവനം ദേശീയ തലത്തിലേക്ക് കൊണ്ടുവരാനാണ് ഹൈക്കമാന്‍ഡിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി രണ്ട് സംസ്ഥാനങ്ങളിലാണ് ചെന്നിത്തലയുടെ പേര് പരിഗണിക്കുന്നത്. വരും ദിവസങ്ങളില്‍ പ്രഖ്യാപനമുണ്ടാകും.

അതേസമയം, എല്ലാവര്‍ക്കും മതിയായ പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും പാര്‍ട്ടി നന്നാകണമെന്നാഗ്രഹിക്കുന്നവര്‍  പ്രതിഷേധിക്കില്ലെന്നും ഇന്നലെ ദേശീയ നേതൃത്വം പുറത്തുവിട്ട കെപിസിസി പുനസംഘടന പട്ടികയെക്കുറിച്ച് പ്രസിഡന്റ് കെ സുധാകരന്‍ പ്രതികരിച്ചു.

23 ജനറല്‍ സെക്രട്ടറിമാര്‍, ട്രഷറര്‍, 28 നിര്‍വാഹക സമിതിയംഗങ്ങള്‍ എന്നിവരെയും പ്രഖ്യാപിച്ചു. എന്‍ ശക്തന്‍, വി ടി ബല്‍റാം, വിജെ പൗലോസ്, വി പി സജീന്ദ്രന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരാകും.  വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിതയെ പോലും പരിഗണിച്ചിട്ടില്ല. പ്രതാപ ചന്ദ്രനെ ട്രഷറര്‍ ആയി നിയമിച്ചു. നേരത്തെ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ച പത്മജ വേണുഗോപാലിനെ പ്രതിഷേധത്തെ തുടര്‍ന്ന് ഒഴിവാക്കി. പത്മജ നിര്‍വാഹക സമിതിയംഗമാകും.  കെ എ തുളസി, അലിപ്പറ്റ ജമീല, ദീപ്തി മേരി വര്‍ഗീസ്  എന്നിങ്ങനെ മൂന്ന് വനിതകള്‍ ജനറല്‍ സെക്രട്ടറിമാരുടെ പട്ടികയില്‍ ഉള്‍പ്പെടും.ലിസ്റ്റില്‍ ഉള്‍പ്പെട്ട കൊല്ലം ഡിസിസി പ്രസിഡന്റ് ബിന്ദു കൃഷ്ണയെയും പരാതിയെ തുടര്‍ന്ന് പരിഗണിച്ചില്ല.