മൂന്നാറിൽ കടുത്ത നടപടിക്ക്  രേണുരാജ്:കയ്യേറ്റങ്ങൾ പൊളിച്ചുനീക്കും;പുഴയോര കെട്ടിടങ്ങളുടെ കണക്കെടുപ്പ് തുടങ്ങി


AUGUST 15, 2019, 9:19 PM IST

തൊടുപുഴ:മൂന്നാറില്‍ കയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ദേവികുളം സബ് കളക്‌ടർ  രേണുരാജ്. ആദ്യം പുഴയോര കയ്യേറ്റങ്ങള്‍ക്കു കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തും. പുഴയുടെ ഒഴുക്കിനു തടസപ്പെടുത്തുന്ന കെട്ടിടങ്ങളെപ്പറ്റി ജില്ലാകളക്‌ടറിനു റിപ്പോര്‍ട്ട് നല്‍കും.ഇത്തരം കെട്ടിടങ്ങള്‍ പൊളിച്ചുനീക്കാനാണു തീരുമാനമെന്നും രേണുരാജ്  വ്യക്തമാക്കി. 

പേമാരിയെത്തുടർന്ന് മൂന്നാറില്‍ തുടരെ രണ്ടാം വര്‍ഷവും പ്രളയസമാന സാഹചര്യം  ഉണ്ടായതോടെയാണ് കയ്യേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുമായി രേണുരാജ് രംഗത്തെത്തിയത്. ഇത്തവണത്തെ മഴയിലും മുതിരപ്പുഴ കരകവിയുകയും പഴയ മൂന്നാറില്‍ വ്യാപകമായി വെള്ളക്കെട്ട് രൂപപ്പെട്ട് വീടുകളില്‍ വെള്ളം കയറുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ് കടുത്ത തീരുമാനത്തിലേക്ക് സബ് കളക്‌ടർ നീങ്ങുന്നത്.

മൂന്നാര്‍ ടൗണിലും പഴയ മൂന്നാറിലും പുഴയുടെ ഒഴുക്കിനു തടസം സൃഷ്‌ടിക്കുന്ന നിര്‍മാണങ്ങള്‍ പൊളിച്ചുനീക്കും.പുഴയോരത്തെ അനധികൃത കെട്ടിടങ്ങളുടെ കണക്കെടുക്കാന്‍ മൂന്നാര്‍ തഹസില്‍ദാറെ നിയോഗിച്ചുവെന്നും റവന്യൂവകുപ്പ് വ്യക്തമാക്കിയിട്ടുണ്ട്.