രക്ഷാപ്രവര്‍ത്തനത്തിന് പോയ യുവാവ്  വെള്ളക്കെട്ടില്‍ വീണ് മരിച്ചു


AUGUST 12, 2019, 1:07 PM IST

മലപ്പുറം: ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും തോണിയില്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയ യുവാവ് വെള്ളക്കെട്ടില്‍ വീണ് മരിച്ചു. കുണ്ടായിത്തോട് എരഞ്ഞിക്കാട്ട് പാലത്തിന് സമീപം പൊന്നത്ത് ലിനു(34)വാണ് മരിച്ചത്. ചെറുവണ്ണൂരിലെ ക്യാമ്പില്‍ നിന്നുമാണ് ലിനു സുഹൃത്തുക്കള്‍ക്കൊപ്പം രക്ഷാപ്രവര്‍ത്തനത്തിന് പോയത്.

ചാലിയാര്‍ കരകവിഞ്ഞ് ഒറ്റപ്പെട്ടുപോയ ഭാഗത്താണ് ലിനു ഉള്‍പ്പെട്ട യുവാക്കള്‍ രക്ഷാപ്രവര്‍ത്തനത്തിന് പോയത്. രണ്ട് തോണികളിലായിട്ടായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇരുസംഘവും ലിനു അടുത്ത തോണിയിലുണ്ടാവുമെന്നു കരുതി. തിരികെ വന്നപ്പോഴാണ് ലിനുവിനെ കാണാനില്ലെന്ന് മനസിലായത്. തുടര്‍ന്ന്, അഗ്നിരക്ഷാസേന നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അച്ഛനും അമ്മയ്ക്കുമൊപ്പമായിരുന്നു ലിനു ക്യാമ്പിലേക്ക് വന്നത്. സഹോദരന്മാരായ ലാലുവും ലൈജുവും ബന്ധുക്കളും ക്യാമ്പിലുണ്ട്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം ക്യാമ്പിലെത്തിച്ചു.

Other News