കേരള ബാങ്കിന് അനുമതി


OCTOBER 9, 2019, 6:42 PM IST

തിരുവനന്തപുരം: കേരള ബാങ്ക് രൂപവത്കരണത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയതായി റിപ്പോര്‍ട്ട്.കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ബാങ്ക് പ്രവര്‍ത്തനം തുടങ്ങുമെന്നും റിപ്പോര്‍ട്ട് പറയുന്നു.സംസ്ഥാനത്തെ 14 ജില്ല സഹകരണ ബാങ്കുകളെ ലയിപ്പിച്ച് കൊണ്ടാണ് കേരള ബാങ്ക് യാഥാര്‍ഥ്യമാവുക. 

നേരത്തെ, ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട് റിസര്‍വ് ബാങ്ക് സംസ്ഥാന സര്‍ക്കാറിന് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. ജില്ല സഹകരണ ബാങ്കുകളില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസാക്കണമെന്നായിരുന്നു ഒരു നിബന്ധന. എന്നാല്‍, മുസ്ലിം ലീഗിനും കോണ്‍ഗ്രസിനും മേധാവിത്വമുള്ള മലപ്പുറം ജില്ല ബാങ്കില്‍ പ്രമേയം പാസാകാത്തതിനെ തുടര്‍ന്ന് കേരള ബാങ്ക് രൂപവത്കരണം അനിശ്ചിതാവസ്ഥയിലായിരുന്നു. 

ബാങ്ക് പൊതുഭരണ സമിതി യോഗത്തില്‍ കേവല ഭൂരിപക്ഷം മതിയെന്ന ഓര്‍ഡിനന്‍സ് കൊണ്ടുവന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഈ പ്രശ്‌നം പരിഹരിച്ചത്. ഇത് ആര്‍.ബി.ഐ അംഗീകരിച്ചതോടെയാണ് കേരള ബാങ്ക് രൂപവത്കരണത്തിന് പ്രതിസന്ധി ഒഴിവായത്. ഇടതുമുന്നണിയുടെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനം കൂടിയായിരുന്നു കേരള ബാങ്ക് രൂപവത്കരണം. 

Other News