ന്യൂഡല്‍ഹി: പ്രതിരോധ മന്ത്രാലയത്തിന്റെ അനുമതി ലഭ്യമായതോടെ ശബരിമല വിമാനത്താവളം പദ്ധതി യാഥാര്‍ഥ്യത്തിലേക്ക് ഒരുപടികൂടി അടുത്തു.
പത്തനംതിട്ട ജില്ലയില്‍ ശബരിമല ക്ഷേത്രത്തിനടുത്ത് എരുമേലിക്ക് സമീപം ചെറുവള്ളി എസ്റ്റേറ്റിന്റെ ഭാഗമായ ഭൂമിയിലാണ് വിമാനത്താവളം സ്ഥാപിക്കാന്‍ പദ്ധതി.
ശബരിമല ക്ഷേത്രത്തിലെത്തുന്ന ദശലക്ഷക്കണക്കിന് തീര്‍ഥാടകരെയാണ് വിമാനത്താവളം പ്രാഥമികമായി ഉദ്ദേശിക്കുന്നത്. പ്രതിവര്‍ഷം ആയിരക്കണക്കിന് വിശ്വാസകളെ ആകര്‍ഷിക്കുന്ന മരാമണിലെ ക്രിസ്ത്യന്‍ കണ്‍വെന്‍ഷനും ശബരിമല വിമാനത്താവളം സഹായകമാകും.
3500 മീറ്റര്‍ റണ്‍വേ ഉദ്ദേശിക്കുന്ന വിമാനത്താവളം തെക്കന്‍- മധ്യ കേരളത്തിലെ പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ നിന്നുള്ള പ്രവാസികള്‍ക്ക് ഏറെ പ്രയോജനം ചെയ്യും. തമിഴ്നാടിന്റെ അതിര്‍ത്തി ജില്ലകളിലുള്ളവര്‍ക്കും ഇത് പ്രയോജനപ്പെടും.
തീര്‍ഥാടന വിനോദസഞ്ചാരത്തിനു പുറമേ, തെക്കന്‍- മധ്യകേരളത്തിലെ ആധുനികവും പരമ്പരാഗതവുമായ നിരവധി ആരോഗ്യ സംരക്ഷണ സൗകര്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനും വിമാനത്താവളം സഹായിക്കും.
ലോക്സഭയില്‍ കോണ്‍ഗ്രസ് എം പി ആന്റോ ആന്റണിയുടെ ചോദ്യത്തിന് മറുപടിയായി വിമാനത്താവള പദ്ധതിക്ക് അനുകൂലമായ പ്രതികരണം പ്രതിരോധ മന്ത്രാലയം സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തെ അറിയിച്ചതായി സിവില്‍ ഏവിയേഷന്‍ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
പാരിസ്ഥിതികാനുമതി ലഭിക്കുന്ന മുറയ്ക്ക് വിമാനത്താവള പദ്ധതിക്ക് മുന്നോട്ടുപോകാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള എല്ലാ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കും നോഡല്‍ ഏജന്‍സിയായി നിയമിച്ച സംസ്ഥാന സര്‍ക്കാരിന്റെ കീഴിലുള്ള കേരള സംസ്ഥാന വ്യവസായ വികസന കോര്‍പ്പറേഷനാണ് (കെ എസ് ഐ ഡി സി) പരിസ്ഥിതി ആഘാത പഠനം ഏകോപിപ്പിക്കുന്നത്.
ശബരിമലയില്‍ വിമാനത്താവളം നിര്‍മിക്കുന്നത് 150 കിലോമീറ്റര്‍ ചുറ്റളവിലുള്ള തിരുവനന്തപുരം, കൊച്ചി, മധുര വിമാനത്താവളങ്ങളെ എങ്ങനെ ബാധിക്കുമെന്ന് പഠിക്കാന്‍ കോര്‍പ്പറേഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിന്ധ്യ പറഞ്ഞു. ഈ പഠന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനം.
കേരളത്തില്‍ നിലവില്‍ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുണ്ട്. എരുമേലിയില്‍ അഞ്ചാമത്തെ വിമാനത്താവളം എന്ന നിര്‍ദ്ദേശം കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് മുന്നോട്ടുവെച്ചത്. ഡിസംബര്‍ അവസാനത്തോടെ ഭൂമി ഏറ്റെടുക്കാനുള്ള നിര്‍ദേശത്തിന് നിലവിലെ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി.
എരുമേലി സൗത്തിനും മണിമലയ്ക്കുമിടയില്‍ ചെറുവള്ളി എസ്റ്റേറ്റ് ഉള്‍പ്പെടുന്ന 2,570 ഏക്കറോളം ഭൂമിയാണ് ഏറ്റെടുക്കുന്നത്. എസ്റ്റേറ്റിന് പുറത്ത് 307 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്.
തിരുവല്ല ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിലീവേഴ്സ് ചര്‍ച്ചിന്റെ ഉടമസ്ഥതയിലുള്ളതാണ് ചെറുവള്ളി എസ്റ്റേറ്റെങ്കിലും സര്‍ക്കാര്‍ അതിന് വര്‍ഷങ്ങളായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഇനിയും പരസ്യപ്പെടുത്തിയിട്ടില്ല.