അടുത്ത തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് സര്‍വനാശം: വെള്ളാപ്പള്ളി


JANUARY 24, 2019, 6:24 PM IST

കൊല്ലം: ശബരിമല വിഷയത്തില്‍ യുഡിഎഫിനായിരിക്കും സര്‍വ്വനാശം സംഭവിക്കുകയെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അവരുടെ കുറേ വോട്ടുകള്‍ ബിജെപിക്ക് കിട്ടും. ഇടതുപക്ഷത്തിന് ഒരു ചുക്കും സംഭവിക്കാന്‍ പോകുന്നില്ല. അക്കാര്യം ഉറപ്പാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

യുവതി പ്രവേശനത്തില്‍ സര്‍ക്കാരിന്റെ കടമയാണ് അവര്‍ നിറവേറ്റിയത്. വിധി നടപ്പിലാക്കിയില്ലെങ്കില്‍ കോടതി വിധി ലംഘിച്ചെന്ന് പറഞ്ഞ് സര്‍ക്കാര്‍ രാജിവെക്കണമെന്ന ആവശ്യവുമായി ഇവന്‍മാര്‍ തന്നെ രംഗത്തെത്തുമായിരുന്നു.

കോണ്‍ഗ്രസും ബിജെപി സുപ്രീംകോടതി വിധി വന്നപ്പോള്‍ ഒരേ സ്വരത്തില്‍ സ്വാഗതം ചെയ്തവരാണ്. ജനങ്ങളെ ഫൂളാക്കുകയാണ് അവരിപ്പോള്‍. ഞാന്‍ ഉള്ള കാര്യം ഉള്ളത് പോലെ പറയും. വനിതാ മതില്‍ ഗംഭീരമായിരുന്നു. അതിന് ശേഷം സ്ത്രീപ്രവേശനം നടന്നപ്പോള്‍ എതിര്‍ത്ത് പറയാന്‍ മടികാണിച്ചിട്ടില്ല. പിണറായിയുടെ ബുദ്ധിയിലാണ് സ്ത്രീപ്രവേശനം നടന്നതെന്ന് ഞാന്‍ വിശ്വസിക്കില്ല. മറ്റാരുടേയോ ബുദ്ധി ഇതില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

ശബരിമലയില്‍ വിഷയത്തില്‍ ശ്രീധരന്‍പിള്ള സത്യമാണ് പറഞ്ഞത്. സ്ത്രീപ്രവേശനമല്ല വിഷയം ഇതിനകത്ത് ലഭിക്കുന്ന രാഷ്ട്രീയ അവസരം മുതലെടുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ശ്രീധരന്‍ പിള്ള ആത്മാര്‍ത്ഥമായി പറഞ്ഞതാണ്.

15 ശതമാനത്തോളം വരുന്ന സവര്‍ണരുടെ ആധിപത്യമാണ് കേരളത്തിലെ ക്ഷേത്രങ്ങളില്‍. സവര്‍ണ ലോബികള്‍ ചേര്‍ന്ന് ഒരു തീരുമാനമെടുക്കുന്നു. എന്നിട്ട് എല്ലാവരേയും കൂട്ടി നാമജപത്തിനിറങ്ങുന്നു. അത് ശരിയല്ല. കുറച്ച് പേര്‍ ഇപ്പോഴും തമ്പ്രാന്‍മാരും ഞങ്ങളെല്ലാം അടിയാളന്‍മാരുമാരുമായിരുന്നാല്‍ അതിനോട് സഹകരിക്കാനും സഹായിക്കാനും ബുദ്ധിമുട്ടുണ്ട്. ഒരു സെന്‍കുമാറിനേയും ഒരു ബാബുവിനേയും കാണിച്ച് കൗശല ബുദ്ധി നടത്തിയിട്ട് കാര്യമില്ല.

നായാടി തൊട്ട് നമ്പൂതിരി വരെയുള്ള കൂട്ടായ്മക്കായി വാദിച്ചവനാണ് ഞാന്‍. അന്ന് ഇതില്‍ നിന്ന് മാറി നിന്നവരാണ് ഇപ്പോള്‍ ഹിന്ദു ഐക്യം പറഞ്ഞ് നടക്കുന്നത്. ഒരു രാജാവും തന്ത്രിയും ചങ്ങനാശേരിക്കാരനുമാണ് തീരുമാനമെടുക്കുന്നത്. ഇപ്പോഴും താഴ്ന്ന ജാതിക്കാരെ കയറ്റാത്ത ക്ഷേത്രങ്ങളുണ്ട്. അതിലൊന്നും ഇവര്‍ ഇടപെടലുകള്‍ നടത്തുന്നില്ല.

പുത്തരിക്കണ്ടം മൈതാനം 25000 പേര്‍ വന്നാല്‍ നിറയും. ഞങ്ങളും കുറച്ച് പേരെ കൊണ്ടുവന്ന് ലക്ഷങ്ങളുണ്ടെന്ന് പറഞ്ഞിരുന്നു. അയ്യപ്പ സംഗമത്തിന് രാഷ്ട്രീയ ലക്ഷ്യമുണ്ടായതിനാലാണ് ഞാന്‍ പങ്കെടുക്കാതിരുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

സമദൂരം പറയുമെങ്കിലും എന്‍എസ്എസിന് എല്ലാ കാലവും ഒരു ദൂരമുണ്ടായിരുന്നു. ജനങ്ങള്‍ക്ക് അത് ഇപ്പോള്‍ നേരിട്ട് ബോധ്യപ്പെട്ടു എന്നതാണ് നേര്. ബിഡിജെഎസുമായി തനിക്ക് ബന്ധമില്ല. ഒരു പാര്‍ട്ടിയുമായും ഇനി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. എനിക്ക് ചില തെറ്റുകള്‍ പറ്റിയിട്ടുണ്ട്. ബിജെപിക്കാര്‍ തന്ന ഹെലികോപ്ടറില്‍ താന്‍ പോയിട്ടുണ്ട്. അത് തെറ്റാണെന്ന് മനസിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.