സൗമ്യയുടെ സംസ്‌ക്കാരം നടത്തി; പ്രതി അജാസിന്റെ പോസ്റ്റ് മോര്‍ട്ടം ഇന്ന്


JUNE 20, 2019, 1:07 PM IST

ആലപ്പുഴ:  പോലീസുകാരന്‍ തീവെച്ചു കൊലപ്പെടുത്തിയ വള്ളിക്കുന്നത്ത് സിവില്‍ പൊലീസ് ഓഫീസര്‍ സൗമ്യയുടെ സംസ്‌ക്കാരം വ്യാഴാഴ്ച നടത്തി. രാവിലെ 9 മുതല്‍ വള്ളിക്കുന്നം സ്റ്റേഷനില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു. ഇതിനു ശേഷം 11 മണിയോടെയാണ് വള്ളിക്കുന്നത്തെ വീട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ നടത്തിയത്. സൗമ്യയുടെ ഭര്‍ത്താവ് സജീവ് ലിബിയയില്‍ നിന്നും നാട്ടില്‍ എത്താനായാണ് സംസ്‌ക്കാരച്ചടങ്ങുകള്‍ വൈകിപ്പിച്ചത്. അതേ സമയം കൊലപാതകത്തിനിടെ പൊള്ളലേറ്റ് മരിച്ച പ്രതി അജാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് നടക്കും.

വള്ളിക്കുന്നം സ്റ്റേഷനിലെ വനിത സി.പി ഒ സൗമ്യയെ കഴിഞ്ഞ ശനിയാഴ്ചയാണ് ആലുവ ട്രാഫിക്കിലെ പൊലിസുകാരനായ അജാസ് തീവെച്ചു കൊന്നത്. സൗമ്യയെ കൊലപ്പെടുത്തുന്നതിനിടെ പൊള്ളലേറ്റ് മരിച്ച അജാസിന്റെ പോസ്റ്റുമോര്‍ട്ടം ഇന്ന് വണ്ടാനം മെഡിക്കല്‍ കോളേജില്‍ നടക്കും. മാരകമായി പൊള്ളലേറ്റതിന് പിന്നാലെ ശ്വാസകോശത്തിലെ അണുബാധയും, വൃക്കയുടെ പ്രവര്‍ത്തനം നിലച്ചതുമാണ് അജാസിന്റെ മരണകാരണം.

അജാസിന്റെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം നേരത്തെ തന്നെ തകരാറിലായിരുന്നു. കഴിഞ്ഞ ദിവസം അജാസിന്റെ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നെങ്കിലും ആയുധം ലഭിച്ചത് എവിടെ നിന്നെന്ന് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ചോദിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഈ വിവരങ്ങള്‍ കൂടി അറിയണമെന്ന് ഐ ജി അന്വേഷണ സംഘത്തിന് നിര്‍ദ്ദേശം നല്‍കിയിരിക്കെയാണ് അജാസ് ബുധനാഴ്ച മരിച്ചത്.

Other News