എസ്.ബി.ഐ ജപ്തി: പെരുവഴിയിലായി പെണ്‍കുട്ടി അടങ്ങുന്ന നിര്‍ധന പട്ടികജാതി കുടുംബം; മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു


SEPTEMBER 18, 2019, 10:52 AM IST

നെടുമങ്ങാട് : വായ്പ തിരിച്ചടവ് മുടങ്ങിയതു മൂലം എസ്ബിഐ നടപ്പിലാക്കിയ ജപ്തി 11 വയസുകാരി അടക്കമുള്ള നിര്‍ധന പട്ടികജാതി കുടടുംബത്തെ വഴിയാധാരമാക്കി.

മാറി ഉടുക്കാന്‍ തുണി പോലും ഇല്ലാതെ കുടുംബം രാത്രി ചെലവഴിച്ചത് വീടിന്റെ തിണ്ണയിലാണ്. വെറും രണ്ടു ലക്ഷത്തി എണ്‍പതിനായിരം രൂപയുടെ പേരിലാണ് പതിനൊന്നു വയസുകാരി വേണിയെയും കുടുംബത്തെയും ബാങ്കുകാര്‍ വീട്ടില്‍ നിന്നും ഇറക്കി വിട്ടത്.

ആകെയുള്ള മൂന്ന് സെന്റില്‍ വീടു വയ്ക്കാനായി 2015ലാണ് കുടുംബം എസ്.ബി.ഐ വെഞ്ഞാറമൂട് ശാഖയില്‍ നിന്ന് 2.75 ലക്ഷം രൂപ വായ്പയെടുത്തത്. കയ്യില്‍ കിട്ടിയതാകട്ടെ 2.25 ലക്ഷം രൂപ. ആദ്യ മാസങ്ങളില്‍ കൃത്യമായി തവണയടച്ചു. തുണിമില്‍ തൊഴിലാളിയായ ബാലുവിന്റെ ജോലി മുടങ്ങിയതോടെ തവണ മുടങ്ങി.

ചൊവ്വാഴ്ച വൈകിട്ടോടെ എത്തിയ ബാങ്ക് ഉദ്യോഗസ്ഥര്‍ വീട് ജപ്തി ചെയ്യുകയായിരുന്നു. സ്‌കൂള്‍ വിട്ടെത്തിയ വേണിയ്ക്ക് യൂണിഫോം പോലും മാറാന്‍ കഴിഞ്ഞില്ല. ചാനലില്‍ വാര്‍ത്ത വന്നതോടെ വിവിധ തലങ്ങളില്‍ നിന്ന് കുടുംബത്തിന് സഹായവാഗ്ദാനം എത്തി.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ജപ്തി നടപടി മരവിപ്പിക്കാന്‍ ബാങ്ക് നടപടി ആരംഭിച്ചതായാണ് വിവരം.

പെണ്‍കുട്ടി അടക്കമുള്ള കുടുംബത്തെ ജപ്തി നടപടിയുടെ പേരില്‍ വീട്ടില്‍ നിന്നിറക്കിവിട്ട സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു.  കുടുംബത്തിന് അടിയന്തരമായി സുരക്ഷ ഉറപ്പാക്കാന്‍ പൊലീസിന് നിര്‍ദ്ദേശം നല്‍കി.

ജപ്തിയുമായി ബന്ധപ്പെട്ട പുനര്‍നടപടികള്‍ ചര്‍ച്ചയിലൂടെ തീരുമാനിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആവശ്യപ്പെട്ടിരുന്നു.Other News