ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകള്‍ ഹൈടെക് ആക്കും: മുഖ്യമന്ത്രി;സ്‌കൂളുകളെ ലഹരി വിമുക്തമാക്കും; പാഠ്യ പദ്ധതിയില്‍ നീന്തല്‍ ഉള്‍പ്പെടുത്തും


JUNE 6, 2019, 12:50 PM IST

തൃശൂര്‍: മധ്യവനലവധിക്കുശേഷം സംസ്ഥാനത്തെ സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകള്‍ തുറന്നു. ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ അദ്ധ്യയനത്തിനായി ചരിത്രത്തിലാദ്യമായാണ് ഒരേ ദിവസം സ്‌കൂളുകള്‍ ആരംഭിക്കുന്നത്. സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ തൃശൂര്‍ ചെമ്പൂച്ചിറ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍വഹിച്ചു. ഓണാവധിക്കു മുമ്പ് ഒന്നുമുതല്‍ ഏഴുവരെയുള്ള ക്ലാസുകള്‍ ഹൈടെക്ക് ആക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. സ്‌കൂളുകള്‍ ലഹരി വിമുക്തമാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥും പറഞ്ഞു. നീന്തല്‍പരിശീലനം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തും ഇതിനായി എല്ലാ നിയമസഭാ മണ്ഡലങ്ങളിലും നീന്തല്‍ക്കുളം സ്ഥാപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

സംസ്ഥാനത്തെ വിവിധ സ്‌കൂളുകളിലും വര്‍ണാഭമായാണ് പ്രവേശനോത്സവത്തിന് തുടക്കമായത്. അതേസമയം, ഖാദര്‍കമ്മറ്റി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലെ പ്രതിഷേധവും ശക്തമാണ്. പ്രവേശനോത്സവത്തില്‍ നിന്ന് പ്രതിപക്ഷം വിട്ടുനില്‍ക്കുകയാണ്. ഇതിനിടെ കോഴിക്കോട് ജില്ലയിലെ പ്രവേശനോത്സവത്തിനിടെ കെഎസ്യു പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് നേരിയ സംഘര്‍ഷത്തിന് കാരണമായി.

Other News