മണ്ണിനടിയിലായ 26 പേരെ കൂടി കണ്ടെത്താന്‍ ഇന്നും അതി തീവ്ര തിരച്ചില്‍


AUGUST 18, 2019, 12:21 PM IST

മലപ്പുറം/വയനാട് : ഉരുള്‍പൊട്ടല്‍ കനത്ത നാശം വിതച്ച ഭൂദാനത്തും പുത്തുമലയിലും കാണാതായവര്‍ക്കായുള്ള തിരച്ചില്‍ ഞായറാഴ്ചയും തുടരും. രണ്ടിടങ്ങളിലുമായി ഇരുപത്തിയാറ് പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്.ദിവസങ്ങളായി തിരച്ചില്‍ തുടരുന്നുണ്ടെങ്കിലും അടിഞ്ഞു കൂടിയ ചെളിയും പ്രതികൂല കാലാവസ്ഥയും തടസ്സമായെത്തിയിരുന്നു. എന്നാല്‍ മഴ കുറഞ്ഞ് കാലാവസ്ഥ അനുകൂലമായതോടെ തിരച്ചില്‍ കുറച്ചു കൂടി എളുപ്പമായിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം കൂടുതല്‍ ദുഷ്‌കരമായത് ഭൂദാനത്തായിരുന്നു. തട്ടുതട്ടായി ചെളി അടിഞ്ഞു കൂടിയതും ചെറിയ നീരൊഴുക്കും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു.മഴ കുറഞ്ഞ സാഹചര്യത്തില്‍ കഴിഞ്ഞ ദിവസം പതിനഞ്ചോളം ഹിറ്റാച്ചികള്‍ ഉപയോഗിച്ച് നടത്തിയ തിരച്ചിലില്‍ ഒരു ജവാന്റെ ഉള്‍പ്പെടെ രണ്ട് മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം 40 മൃതശരീരങ്ങളാണ് ഭൂദാനത്ത് നിന്ന് മാത്രം കണ്ടെടുത്തത്. ഇനി 19 പേരെ കൂടി കണ്ടെത്താനുണ്ട്.അത്യാധുനിക ജിപിആര്‍ സംവിധാനം ഉപയോഗിച്ചാകും ഇന്ന് തിരച്ചില്‍ നടക്കുക. ഇതിനായി ഹൈദരാബാദില്‍ നിന്നും ആറംഗ വിദഗ്ധ സംഘം കഴിഞ്ഞ ദിവസം നിലമ്പൂരെത്തിയിരുന്നു.വയനാട് പുത്തുമലയിലും കാണാതായവര്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുകയാണ്. ഏഴ് പേരെയാണ് ഇനി ഇവിടെ നിന്നും കണ്ടെത്താനുള്ളത്. എല്ലാവരെയും കണ്ടെത്തും വരെ തിരച്ചില്‍ തുടരുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്.

Other News