അതിവേഗ റെയില്‍വേ ഇടനാഴി പദ്ധതിയ്ക്ക് മന്ത്രിസഭ അംഗീകാരം


AUGUST 7, 2019, 2:05 PM IST

തിരുവനന്തപുരം: കാസര്‍ഗോഡ് നിന്നും തിരുവനന്തപുരത്തേയ്ക്കുള്ള യാത്രദൈര്‍ഘ്യം വെറും നാല് മണിക്കൂറാക്കി ചുരുക്കുന്ന 532 കി.മീ നോര്‍ത്ത്-സൗത്ത് സെമി ഹൈസ്പീഡ് റെയില്‍വേ ഇടനാഴി പദ്ധതിയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം. ധനമന്ത്രി തോമസ് ഐസക്കാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവച്ചിരിക്കുന്നത്. 56443കോടി രൂപ ചെലവ് കണക്കാക്കുന്ന പദ്ധതി കേന്ദ-സംസ്ഥാന സര്‍ക്കാറിന്റെ സംയുക്ത സംരഭമായ കെആര്‍ഡിസിഎല്ലാണ് പൂര്‍ത്തിയാക്കുക. ഇതോടെ നിലവില്‍ 12-14 മണിക്കൂര്‍ വരെ നീളുന്ന യാത്രദൈര്‍ഘ്യം വെറും നാല് മണിക്കൂര്‍ മാത്രമായി ചുരുങ്ങും.

നേരത്തെ ഇത് സംബന്ധിച്ചുള്ള സാധ്യതാ പഠന റിപ്പോര്‍ട്ട് സര്‍ക്കാര്‍ തത്വത്തില്‍ അംഗീകരിച്ചിരുന്നു.ഇടനാഴിക്കായി കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (കെആര്‍ഡിസിഎല്‍) മേല്‍നോട്ടത്തില്‍ സിസ്ട്ര കമ്പനിയാണ് പഠനം നടത്തിയത്. 140 മുതല്‍ 170 വരെ കിലോമീറ്റര്‍ വേഗത്തില്‍ സര്‍വീസ് നടത്താവുന്ന പദ്ധതിക്കായി റിപ്പോര്‍ട്ട് നേരത്തെ തയ്യാറായിരുന്നു.എന്നാല്‍, നിലവിലെ റെയില്‍പാളങ്ങളോടുചേര്‍ന്ന് ഭൂമി ഏറ്റെടുക്കല്‍ പരമാവധി കുറച്ചും ആളുകളെ ഒഴിപ്പിക്കാതെയും പദ്ധതി യാഥാര്‍ഥ്യമാക്കാനാകുമോ എന്നുകൂടി പരിശോധിക്കാന്‍ മന്ത്രി ജി സുധാകരന്‍ കെആര്‍ഡിസിഎല്ലിനോട് നിര്‍ദേശിച്ചിരുന്നു. ആദ്യ റിപ്പോര്‍ട്ടിലെ അലൈന്‍മെന്റില്‍ ചില മാറ്റം വരുത്തി രണ്ടു സാധ്യതകള്‍കൂടി കെആര്‍ഡിസിഎല്‍ സമര്‍പ്പിച്ചു.

റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ചതോടെ ഉടന്‍  പിആറിനുള്ള സര്‍വേ നടപടി ആരംഭിച്ചേയ്ക്കും. കുടിയൊഴിപ്പിക്കല്‍ പരമാവധി ഒഴിവാക്കി ജനങ്ങള്‍ക്ക് കൂടുതല്‍ ഉപകാരപ്രദമാകുംവിധം 2020ല്‍ പദ്ധതി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് സര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.  തിരൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള 310 കിലോമീറ്ററിലാണ് ഭൂമി ഏറ്റെടുക്കേണ്ടിവരിക. അതേസമയം കാസര്‍കോട് മുതല്‍ തിരൂര്‍ വരെയുള്ള 222 കിലോമീറ്റര്‍ നിലവിലെ റെയില്‍പാതയോട് പൂര്‍ണമായും ചേര്‍ന്നുതന്നെയതിനാല്‍ ഭൂമി ഏറ്റെടുക്കേണ്ടി വരില്ല.10 സ്‌റ്റോപ്പുകളുണ്ടാകും. മറ്റു സ്‌റ്റേഷനുകളിലെ യാത്രക്കാര്‍ക്ക് അതിവേഗ ട്രെയിനില്‍ കയറാനായി അതിവേഗ ട്രെയിനിന്റെ രണ്ട് സ്‌റ്റോപ്പുകള്‍ക്കിടയില്‍ ലോക്കല്‍ സ്‌റ്റേഷനുകളില്‍ നിര്‍ത്തുന്ന ഇതേ വേഗമുള്ള ചെറു ട്രെയിനുകളും സര്‍വീസ് നടത്തും.

Other News