മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ വി പി ആര്‍ അന്തരിച്ചു


MAY 11, 2022, 11:54 PM IST

കൊച്ചി: രാജ്യത്തെ മികച്ച മാധ്യമ പ്രവര്‍ത്തകരില്‍ പ്രമുഖനായിരുന്ന വി പി രാമചന്ദ്രന്‍ (വി പി ആര്‍- 98) അന്തരിച്ചു. മാതൃഭൂമിയുടെ മുന്‍ പത്രാധിപര്‍ ആയിരുന്നു. വാര്‍ധക്യസഹജമായ അവശതകളെ തുടര്‍ന്നു വിശ്രമത്തിലിരിക്കെ കാക്കനാട്ടെ വസതിയിലായിരുന്നു അന്ത്യം.

ഇന്ത്യയിലും വിദേശത്തുമായി അര നൂറ്റാണ്ടിലേറെ നീണ്ടതായിരുന്നു അദ്ദേഹത്തിന്റെ മാധ്യമ ജീവിതം. അസോസിയേറ്റ് പ്രസ്സ്, പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യ, യു എന്‍ എ തുടങ്ങിയ വാര്‍ത്താ ഏജന്‍സികളിലും പ്രവര്‍ത്തിച്ചു. അടിയന്തരാവസ്ഥയെ എതിര്‍ത്ത പത്രപ്രവര്‍ത്തകരില്‍ ഒരാളാണ്. സ്വദേശാഭിമാനി പുരസ്‌ക്കാരത്തിന് അര്‍ഹനായിട്ടുണ്ട്.

തിരുവില്വാമല സ്വദേശി അഡ്വ. തൊഴൂര്‍ ശേഖരന്‍ നായരുടെയും വെട്ടത്ത് രുക്മിണി അമ്മയുടെയും മകനായി 1924 ഏപ്രില്‍ 21ന് തൃശ്ശൂരിലെ വടക്കാഞ്ചേരി താണപടിയില്‍ ജനനം. ടൈപ്പിസ്റ്റായാണ് ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. മെട്രിക്കുലേഷന്‍ മാത്രമായിരുന്നു വിദ്യാഭ്യാസ യോഗ്യത.

മെട്രിക്കുലേഷനുശേഷം ടൈപ്പ്‌റൈറ്റിങ്ങും ഷോര്‍ട്ട് ഹാന്‍ഡും പരിശീലിച്ച് മിലിറ്ററി അക്കൗണ്ട്സില്‍ ലോവര്‍ ഡിവിഷന്‍ ക്ലാര്‍ക്കായി ചേര്‍ന്നു. ഇതിനിടെ അന്നത്തെ ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് ഓഫ് ഇന്ത്യയുടെ (എ പി ഐ) പുണെ ഓഫീസില്‍ ടൈപ്പിസ്റ്റായി നിയമനം ലഭിച്ചു. ബ്രിട്ടീഷ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിന്റെ അനുബന്ധ സ്ഥാപനമായിരുന്നു ഇത്.

1951-ലെ പൊതുതിരഞ്ഞെടുപ്പില്‍ പി ടി ഐയുടെ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് ഡെസ്‌ക്കിലായിരുന്നു ആദ്യ നിയമനം. 1959 മുതല്‍ ആറുവര്‍ഷം ലഹോറില്‍ ലേഖകനായിരുന്നു. ഇന്ത്യ- ചൈന യുദ്ധകാലത്ത് പട്ടാളക്കാരോടൊപ്പം യൂണിഫോമില്‍ യുദ്ധമുന്നണിയില്‍നിന്ന് റിപ്പോര്‍ട്ട് ചെയ്തു. 1963-ല്‍ പി ടി ഐയില്‍ സ്‌പെഷ്യല്‍ കറസ്പോണ്ടന്റായിയിരുന്നു.

1964-ല്‍ പി ടി ഐ.വിട്ട് യു എന്‍ ഐയില്‍ ചേര്‍ന്നു. 1965-ല്‍ യു എന്‍ ഐയുടെ ഡെപ്യൂട്ടി ജനറല്‍ മാനേജരായി. 1971 വരെ ഈ സ്ഥാനത്ത് തുടര്‍ന്നു. 1978-ലാണ് യു എന്‍ ഐ വിട്ട് മാതൃഭൂമിയില്‍ ചേര്‍ന്നത്. എക്‌സിക്യുട്ടീവ് എഡിറ്ററായിട്ടായിരുന്നു മാതൃഭൂമിയിലെ നിയമനം. 1979-ല്‍ മാതൃഭൂമിയുടെ സ്ഥാപക പത്രാധിപരായിരുന്ന കെ പി കേശവമേനോന്‍ അന്തരിച്ചപ്പോള്‍ പത്രാധിപരായി. 1984-ല്‍ മാതൃഭൂമിയില്‍നിന്ന് രാജിവെച്ചു. 1989-ല്‍ പ്രസ് അക്കാദമി കോഴ്സ് ഡയറക്ടറായി. മൂന്നുകൊല്ലത്തിനുശേഷം അക്കാദമി ചെയര്‍മാനായി.

ഭാര്യ: പരേതയായ ഗൗരി. മകള്‍: ലേഖ (റിട്ട. അധ്യാപിക). മരുമകന്‍: ചന്ദ്രശേഖരന്‍ (എന്‍ജിനിയര്‍).