ഒടുവിൽ പി എസ‌് സി ക്രമക്കേടുകൾ സമ്മതിക്കുന്നു: പ്രതികൾ റാങ്ക് പട്ടികയിൽനിന്ന് പുറത്ത്, മൂന്നുപേർക്ക് ആജീവനാന്ത വിലക്ക് 


AUGUST 5, 2019, 10:39 PM IST


തിരുവനന്തപുരം:യൂണിവേഴ്‍സിറ്റി കോളജ് വിദ്യാർഥി അഖിലിനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവരെ പി‌ എസ്‌ സി റാങ്ക് പട്ടികയില്‍നിന്ന് പുറത്താക്കി.കൂടാതെ, യൂണിവേഴ്‌സിറ്റി കോളജ് വിദ്യാർഥിയും എസ് എഫ് ഐ  യൂണിറ്റ് കമ്മിറ്റി അംഗവുമായിരുന്ന പ്രണവിനെയും പട്ടികയിൽനിന്നു ഒഴിവാക്കി. സിവിൽ പോലീസ് ഓഫിസർമാരുടെ റാങ്ക് ലിസ്റ്റില്‍ നിന്നാണ് മൂവരെയും അയോഗ്യരാക്കിയത്.പി‌ എസ്‌ സി പരീക്ഷകളില്‍നിന്ന് ഇവരെ സ്ഥിരമായി വിലക്കുകയും ചെയ്‌തു. 


പി എസ്‌ സി  പരീക്ഷയിൽ ഇവർ ക്രമക്കേട് നടത്തിയതായി പി എസ് സി വിജിലന്‍സ് വിഭാഗം കണ്ടെത്തി. ആധുനിക സാങ്കേതികവിദ്യയുടെ സഹായത്താല്‍ പരീക്ഷയില്‍ ക്രമക്കേട് നടത്തിയതായി സംശയിക്കുന്നതായാണ് വിജിലന്‍സ് നല്‍കിയ ഇടക്കാല റിപ്പോര്‍ട്ട്. ഇതിന്റെ  അടിസ്ഥാനത്തില്‍ കേസ് പോലീസ് അന്വേഷണത്തിന് പി എസ്‌ സി   കൈമാറി. ക്രൈം കേസ് രജിസ്റ്റര്‍ ചെയ്‌ത്‌ അന്വേഷിക്കണമെന്ന്  പി എസ്‌ സി പൊലീസിനോട് ആവശ്യപ്പെട്ടു.


പരീക്ഷാകേന്ദ്രങ്ങളില്‍ ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ക്രമക്കേട് നടത്തിയിട്ടുണ്ടോ എന്ന് കണ്ടെത്താനും ഇതിന് ആരെങ്കിലും സഹായിച്ചിട്ടുണ്ടെങ്കില്‍ അവരെ നിയമത്തിന് മുന്നില്‍ കൊണ്ടു വരാനും പോലീസിനാണ് അധികാരമുള്ളത് എന്നതിനാലാണ് ക്രൈം കേസ് രജിസ്റ്റര്‍ ചെയ്‌തു അന്വേഷണം നടത്താന്‍ പി എസ്‌ സി ആവശ്യപ്പെട്ടത്. ഇതിനാവശ്യമായ റിപ്പോര്‍ട്ട് കൈമാറാനും തീരുമാനിച്ചു. 


പി എസ‌് സി പരീക്ഷയുടെ വിശ്വാസ്യത നഷ്‌ടപ്പെട്ടുവെന്ന തരത്തിൽ നടക്കുന്ന ചർച്ചകൾ തെറ്റാണെന്നും   പ്രതികൾക്ക് പരീക്ഷാകേന്ദ്രം അനുവദിച്ചതിൽ ക്രമക്കേട് നടന്നിട്ടില്ലെന്നും പി എസ്‌ സി ചെയർമാൻ അഡ്വ എം കെ സക്കീർ ശക്തമായി വാദിച്ചിരുന്നു. പി എസ് സിയെ തകർക്കാൻ ശ്രമം നടക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കുറ്റപ്പെടുത്തിയിരുന്നു. ക്രമക്കേട് കണ്ടെത്തിയതോടെ കനത്ത തിരിച്ചടിയാണ്  ഈ വാദങ്ങൾക്ക് ഏറ്റിരിക്കുന്നത്.


അഖിലിനെ കുത്തിയ കേസിലെ ഒന്നാം പ്രതി ആര്‍ ശിവരഞ്ജിത്തിന് പൊലീസ് കോൺസ്റ്റബിൾ പട്ടികയിൽ ഒന്നാം റാങ്കായിയിരുന്നു. കേസിലെ രണ്ടാം പ്രതി എ.എന്‍.നസീമിനു ഇരുപത്തെട്ടാം റാങ്കും പ്രണവിനു രണ്ടാം റാങ്കുമായിരുന്നു. പരീക്ഷ നടത്തപ്പിൽ ക്രമക്കോട് നടന്നെന്ന ആരോപണത്തെ തുടർന്നായിരുന്നു അന്വേഷണം.
Other News