കൊറോണ വിവരങ്ങള്‍ ഒറ്റ ക്ലിക്കിലാക്കി അധ്യാപകരും സുഹൃത്തുക്കളും


APRIL 2, 2020, 11:43 AM IST

കാസര്‍ക്കോട്: കൊറോണ രോഗവ്യാപനത്തിന്റെ സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ ചാര്‍ട്ടുകള്‍, ഗ്രാഫുകള്‍, മാപ്പുകള്‍, നമ്പറുകള്‍ തുടങ്ങിയവയുടെ സഹായത്തോടെ ഒറ്റ ക്ലിക്കില്‍ ലഭ്യമാക്കി കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് അധ്യാപകരും സുഹൃത്തുക്കളും. covid19kerala.info എന്ന വെബ് വിലാസത്തിലാണ് കേരളത്തിലെ കൊറോണ ബാധയുടെ വിശദവിവരങ്ങള്‍ നല്‍കുന്നത്.

കൊറോണ ആദ്യം റിപ്പോര്‍ട്ട് ചെയ്ത സമയത്ത് സാമൂഹിക മാധ്യമങ്ങളില്‍ എഴുതിയ കുറിപ്പുകള്‍ ഏകീകരിക്കുക എന്ന ലക്ഷ്യമാണ് വെബ്‌സൈറ്റില്‍ എത്തിച്ചതെന്ന് പിന്നണിക്കാരനും കാസര്‍കോട് ഗവണ്‍മെന്റ് കോളേജ് ഫിസിക്‌സ് അധ്യാപകനുമായ ഡോ. ജിജോ പി ഉലഹന്നാന്‍ പറഞ്ഞു. ജപ്പാനില്‍ ഐ ടി രംഗത്ത് ജോലി ചെയ്യുന്ന നിഷാദ് തലഹത് വഴി ജപ്പാനിലെ കൊറോണ വിവരങ്ങള്‍ ലഭ്യമാക്കുന്ന covid19japan.com എന്ന വെബ് സൈറ്റ് ക്ലോണ്‍ ചെയ്ത് മാറ്റങ്ങള്‍ വരുത്തിയാണ് സൈറ്റ് നിര്‍മ്മിച്ചത്.  

കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ പൂര്‍വ വിദ്യാര്‍ത്ഥിയായ യു ജീവനാണ് സൈറ്റ് ക്ലോണ്‍ ചെയ്ത് ഡിസൈന്‍ ചെയ്ത് എടുത്തത്. ഇവര്‍ക്കൊപ്പം ഫിസിക്‌സ് അധ്യാപകനായ ഡോ. എ വി പ്രദീപ്, ജിയോളജി അധ്യാപകനായ കെ ജലീല്‍, നിഖില്‍ നാരായണന്‍, ശ്രീഹരി, സനീഷ് ചെങ്ങമനാട്, പ്രേം പ്രഭാകര്‍, സൂരജ് പി സുരേഷ്, സി ശ്രീകാന്ത്, മുസാഫിര്‍ എന്നിവരടങ്ങിയ ടീമാണ് വെബ് സൈറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നില്‍. എല്ലാവര്‍ക്കും ഉപയോഗിക്കാവുന്ന രീതിയില്‍ ഓപ്പണ്‍ സോഴ്‌സ് ആയിട്ടാണ് സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത്. കോറോണയുടെ വ്യാപ്തിയെ കുറിച്ച് എളുപ്പത്തില്‍ മനസ്സിലാക്കാവുന്ന രീതിയില്‍  രോഗവ്യാപ്തി വ്യക്തമാക്കുന്ന കേരളത്തിന്റെ മാപ്പ്, സംസ്ഥാനത്ത് രോഗം വ്യാപിച്ചതിന്റെ ഗ്രാഫ്, ദിവസേനയുള്ള രോഗബാധയുടെ ഗ്രാഫ്, ജില്ല തിരിച്ചുള്ള രോഗബാധിതരുടെയും രോഗം ഭേദമായവരുടെയും പട്ടിക തുടങ്ങിയ വിവരങ്ങള്‍ ദൃശ്യ രൂപത്തില്‍ സൈറ്റില്‍ ലഭ്യമാക്കിയിരിക്കുന്നു.

വാട്‌സാപ്പ്, ടെലഗ്രാം എന്നീ മെസഞ്ചറുകളിലൂടെ ജോലികള്‍ ഏകോപിപ്പിക്കുകയും സര്‍ക്കാര്‍ ലഭ്യമാക്കിയ രോഗികളുടെ വിവരങ്ങള്‍ ഗൂഗിള്‍ ഷീറ്റ് വഴി സൈറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. മലയാളം, ഇംഗ്ലീഷ് ഭാഷകളില്‍ ലഭ്യമായിട്ടുള്ള സൈറ്റില്‍ നിന്നും ഒരു മിനിറ്റിനുള്ളില്‍ തന്നെ എളുപ്പത്തില്‍ വിവരങ്ങള്‍ ലഭിക്കുകയും ചെയ്യുന്നു.

Other News