കന്യാസ്ത്രീ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെ സഭയില്‍ നിന്ന് പുറത്താക്കി


AUGUST 7, 2019, 2:10 PM IST

കല്‍പറ്റ: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്ത സിസ്റ്റര്‍ ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കി. ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തില്‍ നിന്നാണ് പുറത്താക്കിയത്. മെയ് 11ന് ഡല്‍ഹിയില്‍ ചേര്‍ന്ന ജനറല്‍ കൗണ്‍സിലില്‍ ഒറ്റക്കെട്ടായി എടുത്ത തീരുമാനമനുസരിച്ചാണ് പുറത്താക്കല്‍ നടപടി. ഇക്കാര്യം വ്യക്തമാക്കുന്ന കത്ത് സിസ്റ്ററിന് നേരിട്ട് കൈമാറി.

കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട ജലന്തര്‍ രൂപതാ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരെ കന്യാസ്ത്രീകളുടെ കൂട്ടായ്മ കൊച്ചിയില്‍ നടത്തിയ പ്രത്യക്ഷ സമരത്തില്‍ സിസ്റ്റര്‍ ലൂസി കളപ്പുരക്കലും പങ്കെടുത്തിരുന്നു.

ഇതിനെതുടര്‍ന്നാണ് സിസ്റ്റര്‍ ലൂസിക്കെതിരായ നടപടികള്‍ സഭ ആരംഭിച്ചത്.  കൂടാതെ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് സന്യാസി സമൂഹത്തിന്റെ നിയമപ്രകാരമുള്ള സഭാ വസ്ത്രം അണിയാതെ സഭാ നിയമങ്ങളില്‍ നിന്ന് വ്യതിചലിച്ചുവെന്ന കുറ്റവും ചുമത്തി. ഇതിന്റെ അനന്തര നടപടി എന്ന നിലയിലാണ് ഇപ്പോള്‍ അവരെ സഭയില്‍ നിന്ന് പുറത്താക്കിയത്.

നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടും സിസ്റ്റര്‍ സ്വയം തിരുത്താന്‍ തയാറായില്ലെന്നും സഭക്ക് തൃപ്തികരമായ തരത്തില്‍ വിശദീകരണം നല്‍കാന്‍ സിസ്റ്റര്‍ക്ക് സാധിച്ചില്ലെന്നും സഭ ആരോപിക്കുന്നു. വത്തിക്കാനില്‍ നിന്ന് ലഭിച്ച അനുമതിയുടെ അടിസ്ഥാനത്തിലാണ് ലൂസി കളപ്പുരയെ പുറത്താക്കുന്നതെന്നും അവര്‍ക്ക് നല്‍കിയ കത്തില്‍ പറയുന്നുണ്ട്.

Other News