സിസ്റ്റര്‍ ലൂസിയെ മഠത്തില്‍ പൂട്ടിയിട്ടു; പൊലീസെത്തി വാതില്‍ തുറപ്പിച്ചു


AUGUST 19, 2019, 10:43 AM IST

കൊച്ചി:  കന്യാസ്ത്രീ പീഡനക്കേസില്‍ ആരോപണവിധേയനായ ബിഷപ് ഫ്രാങ്കോ മുളക്കലിനെതിരായി സമരം ചെയ്തതിന് എഫ്സിസി സന്യാസസമൂഹം പുറത്താക്കിയ സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിനെ മഠത്തിലെ മുറിയില്‍ പൂട്ടിയിട്ടതായി ആരോപണം. തിങ്കളാഴ്ച രാവിലെ പൊലീസ് എത്തിയാണ് വാതില്‍ തുറപ്പിച്ചത്.

രാവിലെ ആറര മുതലാണ് സംഭവമെന്ന് സംശയിക്കുന്നതായി സിസ്റ്റര്‍ പറയുന്നു. മഠത്തിനോട് ചേര്‍ന്നുള്ള പള്ളിയില്‍ കുര്‍ബാനയ്ക്ക് പോകുന്നത് തടയാനാണ് ഇങ്ങനെ ചെയ്തതെന്ന് സിസ്റ്റര്‍ ലൂസി പറഞ്ഞു. അത്യധികം മനുഷ്യത്വ രഹിതമായ സംഭവമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കല്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം സിസ്റ്റ് ലൂസി മഠത്തില്‍ നിന്ന് ഇറങ്ങിക്കൊടുക്കണമെന്ന് കാണിച്ച് കുടുംബത്തിന് സഭ കത്തയച്ചിരുന്നു. സ്വമേധയാ പുറത്ത് പോകാത്തതു കൊണ്ട് ഒരു അവകാശവും ലൂസിക്ക് ലഭിക്കില്ലെന്നും, ശിഷ്ടകാലം ജീവിക്കാന്‍ അധ്യാപക വൃത്തിയിലൂടെ ലഭിച്ച തുക മതിയാകുമല്ലോ എന്നും കത്തില്‍ പറയുന്നു. മഠം വിട്ടിറങ്ങില്ലെന്നും നിയമപരമായി നേരിടുമെന്നും ലൂസി കളപ്പുരക്കലും പ്രതികരിച്ചിരുന്നു.

തനിക്കെതിരായ നടപടികള്‍ റദ്ദുചെയ്യണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി വത്തിക്കാന്  കത്തയച്ചിരുന്നു. എഫ്സിസി തനിക്കെതിരെ അസത്യ പ്രചാരണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ദൈവവചനത്തിന് വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും വത്തിക്കാന് നല്‍കിയ കത്തില്‍ സിസ്റ്റര്‍ ലൂസി വ്യക്തമാക്കിയിട്ടുണ്ട്. മെയ് 11 ന് ചേര്‍ന്ന എഫ്.സി.സി ജനറല്‍ കൗണ്‍സില്‍ യോഗമാണ് ലൂസി കളപ്പുരയെ സഭയില്‍ നിന്ന് പുറത്താക്കാന്‍ തീരുമാനിച്ചത്.