എം. ശിവശങ്കറിനെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും


OCTOBER 29, 2020, 10:51 AM IST

കൊച്ചി: സ്വര്‍ണക്കടത്തു കേസില്‍ ബുധനാഴ്ച ഇ.ഡി അറസ്റ്റുചെയ്ത മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇന്ന് രാവിലെ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി കസ്റ്റജിയില്‍ വാങ്ങും..

കൂടുതല്‍ ചോദ്യം ചെയ്യാനായാണ് ശിവശങ്കറിനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വാങ്ങുക. ഏഴു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ശിവശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്. എന്‍ഫോഴ്സ്‌മെന്റ്, കസ്റ്റംസ് കേസുകളില്‍ ശിവശങ്കര്‍ നല്‍കിയിരുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ ഇന്നലെ രാവിലെ ഹൈക്കോടതി തള്ളിയിരുന്നു.

ഇതിന് പിന്നാലെ തിരുവനന്തപുരത്ത് വഞ്ചിയൂരിലെ ആയുര്‍വേദ ആശുപത്രിയിലെത്തി, ശിവശങ്കറിനെ ഇ ഡി കസ്റ്റഡിയിലെടുക്കുകയായിരുന്നു. കൊച്ചിയിലെത്തിച്ച് ഏഴു മണിക്കൂറോളം ചോദ്യം ചെയ്തതിനു ശേഷം രാത്രി 10.10- ഓടെയാണ് കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.

കേസിലെ മുഖ്യപ്രതി സ്വപ്നയുടെ സാമ്പത്തിക ഇടപാടുകള്‍ ശിവശങ്കര്‍ നിയന്ത്രിച്ചിരുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. ഇതു സംബന്ധിച്ച് ശിവശങ്കറിന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് നല്‍കിയ മൊഴികള്‍ അറസ്റ്റില്‍ നിര്‍ണായകമായി.ശിവശങ്കറിനെ ഇ ഡി അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രതിപക്ഷം മുഖ്യമന്ത്രിയുടെ രാജി ആവശ്യം ശക്തമാക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയന് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും, രാജിവച്ച് ഒഴിയണമെന്നും കോണ്‍ഗ്രസും ബി ജെ പിയും ആവശ്യപ്പെട്ടു.